തെങ്ങും കവുങ്ങും മുറിച്ചുമാറ്റി പറമ്പിനെ നെല്‍പ്പാടമാക്കി റിട്ട. അധ്യാപകന്
1335276
Wednesday, September 13, 2023 1:25 AM IST
മൂന്നുമുറി: നെല്‍കൃഷിക്കുവേണ്ടി തന്റെ തെങ്ങിന്പറമ്പിനെ പാടമാക്കി മാറ്റുകയാണ് റിട്ട. അധ്യാപകന് പി. വിശ്വനാഥന്. ഇതിനായി തന്റെ പറമ്പിലെ 25 വര്‍ഷത്തിലേറെ വളര്‍ച്ചയുള്ള തെങ്ങുകളും കവുങ്ങുകളും ഈ വേറിട്ട കര്ഷകന് മുറിച്ചുനീക്കി.
മാങ്കുറ്റിപ്പാടം പാടശേഖരത്തിനു സമീപമാണ് വിശ്വനാഥന് മാസ്റ്ററുടെ 25 സെന്റ് പറമ്പുള്ളത്. ഈ സ്ഥലം തൊട്ടുത്തു തന്നെയുള്ള തന്റെ കൃഷിനിലത്തോടു ചേര്‍ത്ത് പാടമാക്കി മാറ്റണമെന്ന് വിശ്വനാഥന് മാസ്റ്റര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനായി തെങ്ങുകളും കവുങ്ങുകളും അടക്കമുള്ള ഫലവൃക്ഷങ്ങള്‍ കഴിഞ്ഞ ദിവസം വെട്ടിനീക്കി. ഇന്നലെ ഹിറ്റാച്ചി കൊണ്ടുവന്ന് മണ്ണുനീക്കി കൃഷിയിടം നെല്‍കൃഷിക്ക് അനുയോജ്യമാക്കുന്ന പണികള്‍ ആരംഭിച്ചു. പണിപൂര്‍ത്തീകരിച്ച് അടുത്താഴ്ചയോടെ ഇവിടെ മുണ്ടകന്‍ വിളയിറക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.
മറ്റത്തൂര്‍ മാങ്കുറ്റിപ്പാടം പൊലിയേടത്ത് വീട്ടില്‍ വിശ്വനാഥന് മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. കഴിഞ്ഞ വര്‍ഷമാണു വിരമിച്ചത്. ചെറുപ്പം മുതലേ കൃഷിയോട് ആഭിമുഖ്യമുള്ള ഇദ്ദേഹം അധ്യാപന ജീവിതത്തിനിടയിലും കൃഷിയെ കൈ വിടാതെ ചേര്‍ത്തുപിടിച്ചിരുന്നു. വിരമിച്ചതോടെ മുഴുവന്‍ സമയകൃഷിക്കാരനായി. നെൽ കൃഷിയോടുള്ള വിശ്വനാഥന് മാസ്റ്ററുടെ പ്രണയമാണ് പാടം മണ്ണിട്ട് നികത്തി പറമ്പാക്കി മാറ്റുന്ന കാലത്ത് മറിച്ചു ചിന്തി ക്കാൻ പ്രേരിപ്പിച്ചത്.