ദേശീയപാത തകര്‍ച്ച : താക്കീതായി പന്തംകൊളുത്തി പ്രകടനം
1337715
Saturday, September 23, 2023 2:01 AM IST
ചാവക്കാട് : ചേറ്റുവ- ചാവക്കാട് ദേശീയപാത തകർച്ചയിൽ പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം. ഒരുമനയൂർ വില്യംസ് സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം ചാവക്കാട് സെന്ററിൽ സമാപിച്ചു.
തുടർന്ന് നടന്ന പെതുയോഗം വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് പി.കെ. ഫസലുദ്ധീൻ അധ്യക്ഷ വഹിച്ചു. ഡോ. പി.വി. മധുസൂദനൻ, ഫൈസൽ ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആഷിത, സമരസമിതി സെക്രട്ടറി പി.പി. അബുബക്കർ, ട്രഷറർ പി.എം. യഹിയ എന്നിവർ പ്രസംഗിച്ചു. വീട്ടമ്മാർ ഉൾപ്പെടെ വലിയ ജനപങ്കാളിത്തത്തോടെ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് ജലീൽ വലിയകത്ത്, ബഷീർ, കെ.വി. മുഹമ്മദ്, കെ.ജെ. ചക്കോ, തുടങ്ങിയവർ നേതൃത്വം നൽകി.
കത്തുനൽകി
ചാവക്കാട്: ദേശീയപാതയുടെ അറ്റകുറ്റപ്പണി ഉടനെ നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എംപി പൊതുമരാമത്ത് മന്ത്രി, ജില്ല കളക്ടർ, ദേശീയപാത അധികൃതർ എന്നിവർക്കു കത്തുനൽകി.
ചാവക്കാട്: ദുരന്ത നിവാരണ നിയമ പ്രകാരം ഹൈവേയുടെ ശോച്യാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണാമെന്നാവശ്യപ്പെട്ട് എൻ.കെ.അക്ബർ എംഎൽഎ കളക്ടർക്ക് കത്ത് നൽകി. ജനപ്രതികളുടെയും ഹൈവേ ഉദ്യോഗസ്ഥരുടെയും യോഗം ഇന്നു രാവിലെ ഒന്‍പതിന് കളക്ടറുടെ ചേബറിൽ വിളിച്ചു.
നിവേദനം നൽകി
ചാവക്കാട്: തകർന്നുകിടക്കുന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണികൾ ഉടനെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, വൈസ് പ്രസിഡന്റ് കെ.വി. രവീന്ദ്രൻ, ഇ.കെ. ജോസ്, ജോഷി ഫ്രാൻസിസ്, മണി തുടങ്ങിവരുടെ നേതൃത്വത്തിൽ ഹൈവേയുടെ കാക്കാനാട്ടെ ഓഫീസിലെത്തി നിവേദനം നൽകി.
ഡിവൈഎഫ്ഐ ഉപരോധം
ചാവക്കാട് : ദേശീയപാത 66 ചാവക്കാട് മുതൽ വില്ല്യംസ് വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക, ടി.എൻ. പ്രതാപൻ എംപി നിസംഗത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ ഇന്നു ദേശീയപാത ഉപരോധിക്കും. ഒന്‍പതിന് കെ.കെ മുബാറക്ക് ഉദ്ഘാടനം ചെയ്യും.
ബിഎംഎസ് ധർണ
ചാവക്കാട്: ഗുരുവായൂർ - ചേറ്റുവ റോഡ് ഗതാഗതായോഗ്യമാക്കുക എന്നാവശ്യമുന്നയിച്ച് ബി എംഎസ് മോട്ടോർ തൊഴിലാളികൾ ഇന്നു പ്രതിഷേധ ധർണ നത്തും. പത്തിന് തെക്കേ ബൈപ്പാസിൽ സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്യും.