"മഴയാത്ര' ടൂറിസം നിലച്ചു, വാഹനങ്ങൾ നശിക്കുന്നു
1425444
Tuesday, May 28, 2024 1:49 AM IST
ചാലക്കുടി: ഡിഎംസിയുടെ "മഴയാത്ര' ടൂറിസം നിലച്ചു. ഇതിനുവേണ്ടി ഉപയോഗിച്ചിരുന്ന വാഹനങ്ങൾ തുമ്പൂർമുഴിയിൽ കിടന്നുനശിക്കുന്നു.
ടൂറിസം വകുപ്പിന്റെ കീഴിൽ അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡിഎംസിയുടെ നേതൃത്വത്തിൽ അതിരപ്പിള്ളി കാടുകൾ കാണാനുള്ള പദ്ധതിയായിരുന്നു മഴയാത്ര. തുമ്പൂർമുഴി ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2019 ആരംഭിച്ചതാണ് പദ്ധതി. ദിനംപ്രതി ചാലക്കുടി - മലക്കപ്പാറ ടൂറിസവും, മഴയാത്രയും. അതിനുശേഷം പദ്ധതി വിപുലീകരിക്കുകയും ചെയ്തിരുന്നു. ചാലക്കുടി - ഷോളയാർ, വാൽപ്പാറ, ചാലക്കുടി - നെല്ലിയാമ്പതി, കൂടാതെ ദിനംപ്രതി ഉച്ചയ്ക്കുശേഷം ഷോളയാർ വനത്തിലേക്കുള്ള പ്രത്യേക മഴയാത്രയും ഉൾപ്പെടെ വിവിധ ടൂറിസ്റ്റ് യാത്രകൾ സംഘടിപ്പിച്ചിരുന്നു. മഴക്കാലത്തുമാത്രം കാണാവുന്ന ചാർപ്പ വെള്ളച്ചാട്ടവും സഞ്ചാരികൾക്കു പ്രത്യേക അനുഭൂതി നൽകിയിരുന്നു. പെരിങ്ങൽകുത്ത് ഷോളയാർ ഡാമുകളും കാണാനുള്ള സൗകര്യവും ഈ പദ്ധതിയിൽ ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്നു.
എന്നാൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പദ്ധതി ഉദ്യോഗസ്ഥ അനാസ്ഥമൂലം നശിക്കുകയാണ്. ചാലക്കുടിയുടെ ടൂറിസം വികസനത്തിനു നാഴികക്കല്ലായി മാറിയ വിനോദയാത്രയിൽ ദിനംപ്രതി ഒരു ലക്ഷം രൂപയുടെ വരുമാനം ഉണ്ടായിരുന്നു. ഇപ്പോൾ ടൂറിസം പദ്ധതി പൂർണമായും തുരുമ്പെടുത്തു നശിക്കുകയാണ്. ഇതിനായി ഉപയോഗിച്ചിരുന്ന ഒരു എസി ബസും രണ്ട് ട്രാവലറുകളും തുമ്പൂർമുഴി പാർക്കിൽ വർഷങ്ങളായി കിടന്നു നശിച്ചുകൊണ്ടിരിക്കുന്നു.
പത്തോളം തൊഴിലാളികൾ പ്രവർത്തിച്ചിരുന്ന ഈ മേഖല കേരളത്തിലെതന്നെ ആദ്യമായി ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്വതന്ത്ര ടൂറിസ്റ്റ് പദ്ധതിയായിരുന്നു. ഏകദേശം 65 ലക്ഷം ലക്ഷം രൂപയോളം മുതൽമുടക്കി, നാലുവർഷംകൊണ്ട് മൂന്നുകോടിയോളം രൂപയുടെ വരുമാനവും ഉണ്ടായിരുന്നു.
ഈ ടൂറിസം പദ്ധതി പുനഃസ്ഥാപിക്കണമെന്നും ചാലക്കുടിയിലെ വിവിധ റസിഡന്റ് അസോസിയേഷനുകൾക്കു പ്രത്യേക ടൂറിസ്റ്റ് പാക്കേജുകൾ നൽകി ചാലക്കുടിയുടെ ടൂറിസ്റ്റ് മേഖലയ്ക്ക് ഉണർവു നൽകുന്ന പദ്ധതിക്ക് അനുമതിയും നടപടികളും ഉണ്ടാകണമെന്നും ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ ട്രസ്റ്റ് ടൂറിസം മന്ത്രിക്കും ഡിടിപിസി ജില്ലാ ചെയർമാൻകൂടിയായ ജില്ലാ കളക്ടർക്കും തുമ്പൂർമുഴി ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൗൺസിൽ ചെയർമാനായ ചാലക്കുടി എംഎൽഎയ്ക്കും നിവേദനം നൽകി.
ക്രാക്റ്റ് പ്രസിഡന്റ് പോൾ പാറയിൽ, സെക്രട്ടറി പി.ഡി. ദിനേശ്, ഭരണസമിതി അംഗങ്ങളായ ജോർജ് ടി. മാത്യു, കെ.വി. ജയരാമൻ, സിമി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണു ടൂറിസം മന്ത്രിക്കും മറ്റ് അധികാരികൾക്കും നിവേദനം നൽകിയത്.