കനത്ത മഴയിൽ വീടിനോടുചേർന്ന മതിലിടിഞ്ഞു; ഭീതിയോടെ കുടുംബം
1428513
Tuesday, June 11, 2024 1:48 AM IST
കാടുകുറ്റി: കനത്ത മഴയെ തുടർന്ന് വീടിനോട് ചേർന്ന 15 അടിയോളം ഉയരത്തിലുള്ള കരിങ്കൽ മതിൽ തകർന്നു. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കുലയിടം 12-ാം വാർഡിൽ താമസിക്കുന്ന പുത്തൻവീട്ടിൽ സുരേഷും കുടുംബവുമാണ് മതിൽ നിലംപൊത്തിയതിനെ തുടർന്ന് ഭീതിയിൽ കഴിയുന്നത്. മഴ ഇനിയും ശക്തമായാൽ വീടിനും നാശം സംഭവിക്കുമോയെന്ന ആശങ്കയും ഈ കുടുംബത്തിനുണ്ട്.
വീടിന്റെ സെപ്റ്റിക് ടാങ്കും, ഡ്രൈയിനേജിനായി സ്ഥാപിച്ച ടാങ്കും ഇളകി ഏതു നിമിഷവും തകർന്നു വീണേക്കാവുന്ന അവസ്ഥയിലാണ്. വീടിനും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്റെ പിൻഭാഗം വയലാണ്.
വിവരമറിഞ്ഞ് വാർഡ് മെമ്പർമാരായ ഡാലി ജോയിയും പി. വിമൽകുമാറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ബാങ്ക് ലോൺ എടുത്തും കടം വാങ്ങിയും വീടെന്ന സ്വപ്നം ഈ കുടുംബം യാഥാർഥ്യമാക്കിയിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. ഇതിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിവാസം കഴിഞ്ഞ് സുരേഷ് വിശ്രമത്തിലിരിക്കെയാണ് മതിൽ തകർന്ന് വീടും ഭിഷണിയിലായിരിക്കുന്നത്. ഭാര്യയുടെ ചികിത്സാ ചെലവിനും വൻ തുക കണ്ടെത്തേണ്ടി വന്നു.
മഴ ശക്തമാകുന്നതിനു മുമ്പ് മതിൽകെട്ടി സംരക്ഷിച്ചില്ലെങ്കിൽ ഏതും നിമിഷവും സെപ്റ്റിക് ടാങ്കും ഇടിഞ്ഞു പോയേക്കാം. വീടിനും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.