തിരുത്തിയില്ലെങ്കിൽ ഇനിയുമുണ്ടാകും "സുരേഷ്ഗോപിമാർ'; തെറ്റുകൾ അക്കമിട്ടുനിരത്തി അംഗങ്ങൾ
1431092
Sunday, June 23, 2024 6:47 AM IST
തൃശൂർ: പറ്റിയ തെറ്റുകൾ ഇനിയെങ്കിലും തിരുത്തി മുന്നോട്ടുപോയില്ലെങ്കിൽ ഇനിയും സുരേഷ്ഗോപിമാരുണ്ടാകുമെന്നു സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയോഗത്തിൽ നേതൃത്വത്തിന് അംഗങ്ങളുടെ മുന്നറിയിപ്പ്. എന്തെല്ലാം തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാമെന്നും അതിനി ചർച്ചചെയ്തുകൊണ്ടിരിക്കുകയല്ല, അടിയന്തരമായി തിരുത്തുകയാണ് വേണ്ടതെന്നും യോഗത്തിൽ പങ്കെടുത്തവർ ഓർമിപ്പിച്ചു.
കഴിഞ്ഞദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉന്നയിക്കപ്പെട്ട ബിജെപി നേട്ടങ്ങളെ എങ്ങനെ വരാൻ പോകുന്ന തദ്ദേശഭരണതെരഞ്ഞെടുപ്പിൽ പ്രതിരോധിക്കാമെന്നതിനെക്കുറിച്ചായിരുന്നു ജില്ലാ കമ്മിറ്റിയിലെ ആദ്യദിവസത്തെയും പ്രധാന ചർച്ച. സംസ്ഥാനത്തൊട്ടാകെ കൈക്കൊള്ളുന്ന തെരഞ്ഞെടുപ്പു തന്ത്രങ്ങൾതന്നെ തൃശൂരിലും പിന്തുടർന്നാൽ പോരെന്ന അഭിപ്രായം ചിലർ ഉന്നയിച്ചു. ബിജെപി പിടിച്ചെടുത്ത ലോക്സഭാ സീറ്റായ തൃശൂരിൽ വരാൻപോകുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ട്രെൻഡ് ആവർത്തിക്കുന്നതിനു തടയിടാൻ ഇപ്പോൾതന്നെ നീക്കങ്ങളാരംഭിക്കണം.
കടുത്ത പാർട്ടി അനുഭാവികളിൽപോലും എതിർപ്പും വെറുപ്പുമുണ്ടാക്കുന്ന പല കാര്യങ്ങളും തൃശൂരടക്കം പല ജില്ലകളിലും സിപിഎമ്മിനുള്ളിൽ സംഭവിച്ചതിന്റെ പ്രതിഫലനമാണ് തൃശൂരിലുൾപ്പടെ കണ്ടതെന്നും ആ തിരിച്ചടി ആവർത്തിക്കാതിരിക്കാനാണ് നോക്കേണ്ടതെന്നും അംഗങ്ങൾ ഓർമിപ്പിച്ചു.
സ്ഥാനമാനങ്ങളില്ലാത്ത സുരേഷ്ഗോപിയെക്കാൾ പേടിക്കേണ്ടത് ഇപ്പോൾ കേന്ദ്രസഹമന്ത്രിയായും എംപിയായും തൃശൂരിലെത്തിയിരിക്കുന്ന സുരേഷ്ഗോപിയെയാണെന്നും, ബിജെപിയാണ് ഇനി രക്ഷയെന്ന ചിന്ത വോട്ടർമാർക്കുള്ളിൽ വേരുറയ്ക്കുംമുൻപ് സിപിഎം കളത്തിലിറങ്ങണമെന്നും നിർദേശമുണ്ടായി. കോർപറേഷൻ മേയറുടെ കാര്യത്തിലടക്കം സിപിഎം പിന്നാക്കംനിൽക്കുന്ന അവസ്ഥ നാണക്കേടുണ്ടാക്കുന്നതായും അധികാരത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും പാർട്ടി നട്ടെല്ലുവളയ്ക്കുന്നുവെന്ന തോന്നൽ ജനങ്ങളിലുണ്ടായിട്ടുണ്ടെന്നും അഭിപ്രായമുയർന്നു.
തൃശൂരിൽ വി.എസ്. സുനിൽകുമാർ പരാജയപ്പെട്ടതിനു സിപിഐ ഉന്നയിക്കുന്ന ആരോപണങ്ങൾ സ്വയംവിമർശനത്തിനു വിധേയമാക്കണമെന്നു യോഗത്തിൽ പങ്കെടുത്ത ഒരു വിഭാഗം പറഞ്ഞു. തോൽവിയുടെ എല്ലാ കുറ്റവും സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഐ നീക്കം വിലപ്പോവില്ലെന്നും അവർ തറപ്പിച്ചുപറഞ്ഞു.
സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങളിൽപോലും പാർട്ടിക്കെതിരെയുള്ള അഭിപ്രായം ശക്തമായതു കണ്ടില്ലെന്ന് ഇനിയും നടിക്കരുതെന്ന നിർദേശവും അംഗങ്ങൾ ഉയർത്തി. ക്ഷേമപെൻഷനെക്കാളും റേഷനെക്കാളും നവകേരളയാത്രയ്ക്കു പ്രാധാന്യം നൽകിയതിനെ പാർട്ടി പ്രവർത്തകർപോലും വിമർശിച്ചപ്പോൾ അത് അവഗണിച്ചതു പരക്കെയുള്ള തോൽവിക്കു കാരണമായിട്ടുണ്ട്. പരസ്പരമുള്ള പഴിചാരലിനപ്പുറം ഇനിയെങ്ങനെ വിജയം കണ്ടെത്താം എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.
പാർട്ടിയിൽനിന്ന് മാനസികമായി അകന്നുനിൽക്കുന്ന പാർട്ടിക്കാരെ കൂടെനിർത്തുക, ഏറ്റവും നല്ല സ്ഥാനാർഥികളെ തദ്ദേശഭരണതെരഞ്ഞെടുപ്പിൽ നിർത്തുക, വികസനം എന്നതു വാക്കിൽനിന്നും പ്രവൃത്തിയിലേക്കു കൊണ്ടുവരിക, അതിന്റെ ഭാഗമായി തകർന്ന റോഡുകൾ നന്നാക്കുക, പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങാതെ ലഭ്യമാക്കുക എന്നീ നിർദേശങ്ങൾ ജില്ലാ കമ്മിറ്റി യോഗത്തിലുയർന്നു. മത്സരിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞിട്ടും, സി. രവീന്ദ്രനാഥിനെ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ബലിയാടാക്കിയതിലും വിമർശനമുണ്ടായതായി സൂചനയുണ്ട്.
സ്വന്തം ലേഖകൻ