പുതുക്കാട്: ചെങ്ങാലൂരില്‍ വിവാഹവിരുന്നിനെത്തിയ പതിനൊന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ചെങ്ങാലൂര്‍ എസ്എന്‍പുരം തെങ്ങില്‍ ഗിരിജന്റെ മകളുടെ വിവാഹത്തിനു മുന്നോടിയായ വിരുന്നിനിടെ വിളമ്പിയ ഭക്ഷണത്തില്‍നിന്നാണ് വിഷബാധയേറ്റത്. മൂന്നുവയസുള്ള കുട്ടിയുള്‍പ്പടെ ആറുപേര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും അഞ്ചുപേര്‍ ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ചെങ്ങാലൂരിലെ ശാന്തി കാറ്ററിംഗ് എന്ന സ്ഥാപനത്തില്‍നിന്നാണ് ഇവര്‍ ഭക്ഷണമേല്പ്പിച്ചത്. ചിക്കന്‍ ബിരിയാണിയും മീന്‍കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 15 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. കാറ്ററിംഗ് സ്ഥാപനത്തിനെതിരേ വീട്ടുകാര്‍ പുതുക്കാട് പോലീസിലും ആരോഗ്യവിഭാഗത്തിലും പരാതി നല്കി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ചടങ്ങ്. തൊട്ടടുത്തദിവസം മുതല്‍ ഭക്ഷണം കഴിച്ചവര്‍ക്കു ഛര്‍ദിയും വയറിളക്കവും പനിയും തലവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടുകയായിരുന്നു.