ഫാ. ഡേവിസ് ചിറമ്മലിന്റെ വൃക്കദാനം: 15-ാം വാർഷികം ആഘോഷിച്ചു
1458056
Tuesday, October 1, 2024 7:22 AM IST
കുറുമാൽ: കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ വൃക്ക ദാനംചെയ്തതിന്റെ 15-ാം വാർഷികം ആഘോഷിച്ചു. കുറുമാൽ സെന്റ് ജോർജ് പള്ളി ഹാളിൽ നടന്ന ചടങ്ങിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വംനൽകിയ ഡോ. ജോർജ് പി.എബ്രഹാം ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ് ചിറമ്മൽ അധ്യക്ഷതവഹിച്ചു. ഫാ. ഡെൽജോ പുത്തൂർ വൃക്ക സ്വീകരിച്ച ഗോപിനാഥ് വാടാനപ്പിള്ളിയെ ആദരിച്ചു.
കുറുമാൽ ഇടവകവികാരി റവ.ഡോ. സേവ്യർ ക്രിസ്റ്റി അനുഗ്രഹപ്രഭാഷണം നടത്തി. പതിനഞ്ചാം വാർഷികാഘോഷത്തിൽ 15 രോഗികൾക്കുള്ള ഡയാലിസിസ് തുടങ്ങാൻ നടപടികൾ പൂർത്തീകരിക്കുകയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 50 കുടുംബങ്ങൾക്ക് വളർത്തുമൃഗങ്ങളെ നൽകുകയുംചെയ്തു. ഫെഡറേഷൻ ഡയറക്ടർ സാൻജോ നമ്പാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസി വില്യംസ്, ലീല രാമകൃഷ്ണൻ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ചൂണ്ടൽ, ജലീൽ ആദൂർ, എ.വി. വല്ലഭൻ, വാർഡ് മെമ്പർ ബിന്ദു ശർമ പ്രസംഗിച്ചു.