ആകാശപ്പാത കൊള്ളാം: വിദ്യാർഥികൾ
1460608
Friday, October 11, 2024 7:16 AM IST
ആകാശപ്പാത വന്നതോടെ റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ടുകൾ ഒഴിവായ സന്തോഷത്തിലാണ് തൃശൂരിലെ മീഡിയ വിദ്യാർഥികളായ ആദർശും അരുണ്കൃഷ്ണയും സൂരജും. ചൂടും മഴയും കൊള്ളേണ്ട സാഹചര്യം ഒഴിവായി. പലരും അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുകയാണ്. യുവാക്കളെക്കാൾ ഗുണം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമാണ്. ആകാശപ്പാത തുറന്നുനൽകാൻ വൈകിപ്പോയോ എന്ന സംശയം മാത്രമാണ് ഉള്ളതെന്നും അവർ പറഞ്ഞു.
കച്ചവടം കുറഞ്ഞെങ്കിലും നല്ലത്...: മനോജ്
ആകാശപ്പാത വന്നതോടെ ഉണ്ടായിരുന്ന കച്ചവടം കുത്തനെ കുറഞ്ഞുവെന്ന് ചായക്കടക്കാരൻ മനോജ്. ആളുകൾ റോഡിലൂടെ കടന്നുവരുന്നതു കുറഞ്ഞു. ഇതോടെ കച്ചവടം പകുതിയലധികമാണ് കുറഞ്ഞത്. വാഹനത്തിൽ വരുന്നവരായാലും ആകാശപ്പാതയിൽ വരുന്നവരായാലും പലരും വിചാരിച്ച ഭാഗത്തല്ല ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ പലരും മറ്റു കടകളെയാണ് ആശ്രയിക്കുന്നത്. എങ്കിലും കുറ്റം പറയുന്നില്ല. വികസനം വേണം. തുടക്കത്തിലെ ഈ ആവേശം തുടർന്നുകൊണ്ടുപോകാൻ കഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും പതിയെമാറുമെന്നാണ് പ്രതീക്ഷ.
എല്ലാം നല്ലതിന്...ഡാനിയൽ
ആകാശപ്പാത വന്നതോടെ ഭിന്നശേഷിക്കാരനായ തനിക്കും മറ്റുള്ളവരെപ്പോലെ നല്ലതുമാത്രമാണ് പറയാനുള്ളതെന്നു ലോട്ടറിക്കച്ചവടക്കാരനായ ഡാനിയൽ. അപകടങ്ങൾ ഒഴിവായി. യാത്ര സുരക്ഷിതമായി. പലരും പല ബുദ്ധിമുട്ടുകൾ പറയുന്നുണ്ട്. ബുദ്ധിമുട്ടുകളുണ്ടെന്നു പറയുന്പോഴും ഈ സംവിധാനം ഒട്ടേറെപ്പേർക്കു ഗുണം ചെയ്യുന്നതാണ്.
യാത്രാദുരിതം വർധിച്ചു: ആന്റു
ആകാശപ്പാത വന്നതോടെ യാത്രാദുരിതം വർധിച്ചു. ഇതിനുപിറകെ റോഡ് അടച്ചുകെട്ടിയതോടെ അതിന്റെ തോത് കുത്തനെ കൂടി. യാത്രികർക്കു വാഹനങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ്. ഓട്ടോകൾ ചുറ്റിവരാൻ തുടങ്ങിയതോടെ യാത്രാനിരക്കും വർധിപ്പിക്കാൻ ഞങ്ങൾ നിർബന്ധിതരാകുകയാണ്. ഇതും ബാധിക്കുന്നതു ജനങ്ങളെയാണ്. സുരക്ഷ വർധിപ്പിക്കാനായിരുന്നു ഉദ്ദേശ്യമെങ്കിലും ആളില്ലെന്നു കരുതി വാഹനങ്ങൾ വേഗം വർധിപ്പിച്ചതും അപകടങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്.