ആകാശപ്പാത സൂപ്പറാണ്..! കയ്പുണ്ട്, മധുരവും
1460609
Friday, October 11, 2024 7:16 AM IST
തൃശൂർ: തൃശൂരിന്റെ മുഖച്ഛായ മാറ്റിയ ശക്തൻനഗറിലെ ആകാശപ്പാത സൂപ്പറാണെന്നു യുവാക്കളും ജനങ്ങളും. സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ ആകാശപ്പാതയെന്ന ഖ്യാതിയോടെ നാലുറോഡുകളെ ബന്ധിപ്പിക്കുന്ന പാത വന്നതോടെ സുരക്ഷിതമായ യാത്രയ്ക്കു സൗകര്യമായി. പേടികൂടാതെ റോഡുമുറിച്ചുകടക്കാനാകുമെന്ന ആശ്വാസത്തിലാണ് കുറേപ്പേർ. എങ്കിലും, ആകാശപ്പാത പല കാരണങ്ങളാൽ ഉപയോഗിക്കാത്തവരാണ് അധികമെന്നതു ഗതാഗതപ്രശ്നംകൂടിയാവുകയാണ്.
അപകടരഹിതമായ യാത്ര എന്ന കോർപറേഷന്റെ ലക്ഷ്യം അധികം വൈകാതെ വിജയം കാണുമെന്നാണ് പ്രതീക്ഷ. ആകാശപ്പാത നെല്ലിക്ക പോലെയാണ്. ആദ്യം കയ്ക്കുമെങ്കിലും പിന്നെ മധുരിക്കുമെന്നാണ് അധികൃതരുടെയും അഭിപ്രായം. അതിനായി അനൗൺസ്മെന്റുകളും റോഡുകളിലൂടെ അലക്ഷ്യമായ ഇടമുറിയൽ തടയാൻ ബാരിക്കേഡുകളുമായി ശ്രമങ്ങൾ നടത്തുന്നുണ്ട്.
ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടും ജനത്തിന്റെ മടിയും സമയലാഭം നോക്കലും അപകടം വിളിച്ചുവരുത്താനും കാരണമാകുന്നു. ബാരിക്കേഡുകൾ വകവയ്ക്കാതെ റോഡിലേക്ക് ഇറങ്ങിനടക്കുന്നവർ എതിരേവരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാത്തതും അപകടസാധ്യത കൂട്ടുന്നു. നിയമം കാറ്റിൽ പറത്തി ഓട്ടോറിക്ഷകളും വണ്വേ തെറ്റിച്ച് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നുണ്ട്.
മറ്റു രാജ്യങ്ങളിലെ ഇത്തരം ട്രാഫിക് സംവിധാനങ്ങളെ പുകഴ്ത്തുന്നവരും സ്വന്തം നാട്ടിലെ വികസനങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്ന രീതി മാറിയാൽതന്നെ ആകാശപ്പാത നാടിനു ഗുണകരമാകും.
പോരായ്മകളുമുണ്ട്.., മാറ്റം വേണം
ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും, അവ പ്രവർത്തിപ്പിക്കാൻ നാലു ജീവനക്കാരുണ്ടെന്ന് അവകാശപ്പെടുന്പോഴും പല സമയങ്ങളിലും അവരെ കാണാൻപോലും കിട്ടുന്നില്ലെന്ന പരാതി. പ്രായമായ പലർക്കും ലിഫ്റ്റ് ഓപ്പറേറ്റർമാരുടെ സേവനം ലഭ്യമാകാത്തതിനാൽ ചവിട്ടുപടികൾ കയറിയിറങ്ങേണ്ട അവസ്ഥയുണ്ട്. നിലവിൽ നാലു ലിഫ്റ്റ് ഓപ്പറേറ്റർമാരാണുള്ളത്. കൂടുതൽപേരെ നിയമിച്ചാലേ പ്രശ്നത്തിനു ശാശ്വതപരിഹാരം കാണാൻ സാധിക്കുകയുള്ളൂ.
ഇതിനുപുറമെ വട്ടത്തിലുള്ള ആകാശപ്പാത യാത്രക്കാരെ വട്ടംചുറ്റിക്കുന്നുമുണ്ടത്രെ. ചെറുപ്പക്കാർ അടക്കമുള്ളവർക്ക് എവിടെ ഇറങ്ങണം, എവിടെ കയറണമെന്നു കൺഫ്യൂഷൻ. കൃത്യമായ ബോധവത്കരണത്തിനുശേഷം മാത്രം റോഡുകൾ അടച്ചുകെട്ടിയിരുന്നെങ്കിൽ നിലവിലെ പരാതികൾ ഒരുപരിധിവരെ പരിഹരിക്കാമായിരുന്നു.
സ്റ്റെപ്പുകളിൽ വെള്ളം, അപകടസാധ്യത
കൊട്ടിഘോഷിച്ചുനടന്ന ഉദ്ഘാടനത്തിനുശേഷവും ആകാശപ്പാതയിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. മഴപെയ്താൽ ചവിട്ടുപടികളിൽ വ്യാപകമായി വെള്ളം അടിച്ചുകയറുന്നതിനാൽ യാത്രികർ ഏതുനിമിഷവും വഴുതിവീഴാനുള്ള സാധ്യതയേറെയാണ്.
ആകാശപ്പാതയിൽനിന്ന് ചവിട്ടുപടയിലേക്ക് ഇറങ്ങുന്ന ഭാഗത്തു വെള്ളം കെട്ടിക്കിടക്കുന്നതും അപകടം വിളിച്ചുവരുത്തും. ലിഫ്റ്റിന് അകത്തും മഴ നനഞ്ഞ് ആളുകൾ കയറുന്നതിനാൽ ടൈൽ പൂർണമായും നനയാൻ ഇടയാകുന്നു. ഇതും തെന്നിവീഴാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ആകാശപ്പാതയിലെ ലൈറ്റുകളിൽനിന്ന് വെള്ളംചോരുന്നതും വയറിംഗ് അടക്കമുള്ളവയെ ബാധിക്കാൻ ഇടയുണ്ട്.പാതയ്ക്കുകീഴെയും അവസ്ഥ മോശമല്ല. റോഡിലും വെള്ളം കെട്ടിക്കിടക്കുന്നതു യാത്രികരെ ദുരിതത്തിലാക്കുന്നു.
സി.ജി. ജിജാസൽ