കൗതുകമായി ഡബിൾ ഡെക്കറെത്തി
1461267
Tuesday, October 15, 2024 6:29 AM IST
തൃശൂർ: പൂരനഗരിയിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് എത്തിയത് കൗതുകമുണർത്തി. ഇന്നലെ ഉച്ചകഴിഞ്ഞാണ് സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യപ്രചാരണാർഥം ഡബിൾ ഡെക്കർ ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയത്.
ഓർഡിനറി ബസുകൾക്കിടയിൽ വിശ്രമിക്കാൻ എത്തിയ ബസിനുചുറ്റും ആളുകൂടിയതോടെ എല്ലാവർക്കും വിശാലമായി കാണുന്നതിനായി ബസിലെ ജീവനക്കാർ സ്റ്റാൻഡിലെ മിൽമ ബൂത്തിനു മുന്നിലേക്ക് ബസ് ഇറക്കിയിട്ടു. നിരവധിപേരാണ് കാണുന്നതിനും ഫോണുകളിൽ ഫോട്ടോയെടുക്കുന്നതിനുമായി ബസിനുചുറ്റുംകൂടിയത്.
കോഴിക്കോട്ടുനിന്നു നഗരത്തിൽ എത്തിയ ബസ് രണ്ടുതവണ സ്റ്റാൻഡിനുവലംവച്ചാണ് സ്റ്റാൻഡിലേക്ക് കയറിയത്. ഇനി നാലുദിവസം നഗരത്തിന്റെ വിവിധ ഇടങ്ങളിലൂടെ സഞ്ചരിക്കുന്ന ബസ് രാത്രിയായാൽ വർണലൈറ്റുകൾ തെളിയിച്ചും പാട്ടുവച്ചുമാണ് യാത്രതുടരുക. എന്നാൽ ബസിൽ ആളുകൾക്ക് പ്രവേശനമുണ്ടാകില്ല. തൃശൂർ വിട്ടാൽ പിന്നെ എറണാകുളത്തായിരിക്കും ബസ് പര്യടനംനടത്തുക.