വികസനം കുട്ടിക്കളിയാക്കരുതേ... തൃശൂർ നെഹ്റു പാർക്കിൽ കുട്ടികളെ വീഴ്ത്താൻ അപകട റൈഡുകൾ
1461269
Tuesday, October 15, 2024 6:29 AM IST
തൃശൂർ: ആശങ്കവേണ്ട, കരുതൽ മതി... ഈ വാചകം കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമയിലെത്തുക കോവിഡും നിപയും ആണെങ്കിൽ തൃശൂർക്കാർക്ക് ഈ കൂട്ടത്തിലേക്ക് മറ്റൊന്നുകൂടിയുണ്ട്. അത് കുട്ടികളുടെ സ്വന്തം നെഹ്റു പാർക്കാണ്. കാര്യം ഇടയ്ക്കിടെ കോടികൾ ചെലവഴിച്ച് വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്നു അവകാശപ്പെടുന്പോഴും പാർക്കിന്റെ ദുരവസ്ഥയ്ക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല.
കുട്ടികളുടെ പല കളിയുപകരണങ്ങളും പൊട്ടിവീണനിലയിലാണ്. പേരിനു ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രം മുന്നറിയിപ്പ് പോസ്റ്ററുകൾ പതിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവയിൽ അതില്ലെന്നുമാത്രമല്ല മരക്കൊന്പും കയറും കന്പിയും കെട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. ഇതറിയാതെ കുട്ടികളെ റൈഡുകളിലേയ്ക്ക് കയറ്റിവിടുന്ന മാതാപിതാക്കൾ അവരെ അപകടത്തിലേക്കാണ് തള്ളിവിടുന്നതെന്നും അറിയുന്നില്ല.
ഓരോ ബജറ്റുകൾ പ്രഖ്യാപിക്കുന്പോഴും കോടികളാണ് പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ ബജറ്റിലും നെഹ്റു പാർക്ക് ഉൾപ്പെടെയുള്ള പാർക്കുകളുടെ നവീകരണത്തിന് കോടികൾ വകയിരുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നു ആരോപണമുണ്ട്.
പാർക്കിൽ എത്തുന്നവർക്കുള്ള ശുചിമുറി നിർമാണപ്രവർത്തങ്ങൾക്കായി അടച്ചിട്ടതും സന്ദർശകരെ നട്ടംതിരിക്കുന്നുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ആനയുടെ രൂപവും പ്രവർത്തനരഹിതമായിട്ട് നാളുകളേറെയായി. കൊട്ടിഘോഷിച്ച് നടപ്പാക്കിയ മ്യൂസിക് ഫൗണ്ടനും ഉദ്ഘാടനത്തിനു പിന്നാലെ പണിമുടക്കിയിട്ടും തകരാർ പരിഹരിക്കാൻ അധികാരികൾ തയാറാവുന്നില്ല.
വിവിധ ഫണ്ടുകൾ കൈക്കലാക്കാനുള്ള തട്ടിക്കൂട്ട് നിർമാണങ്ങളാണിതെന്നു നേരത്തെയും ആരോപണങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ സംരക്ഷണത്തിനായി സൈക്കിൾ റാംപുകളും സൈക്കിളുകളും ഉണ്ടായിരുന്ന പാർക്കിൽ സൈക്കിളുകൾ പൂട്ടിക്കെട്ടിയ അവസ്ഥയിലാണ്. കുട്ടികളുടെ പാർക്കിലെ വികസനങ്ങൾ കുട്ടിക്കളിയാണോ എന്ന ചോദ്യം ഉയരുന്പോൾ പാർക്കിന്റെ തലവര മാറുമോ ഇല്ലയോ എന്നാണ് ജനം നോക്കിയിരിക്കുന്നത്.
ഭരണകൂടം അനാസ്ഥ അവസാനിപ്പിക്കണം: ബെന്നി തരകൻ
പാർക്കിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം ഏതുനിമിഷവും വീഴാവുന്ന നിലയിലാണെന്ന് പൊതുപ്രവർത്തകൻ ബെന്നി തരകൻ. മതിലിനോടുചേർന്ന് നടക്കാതിരിക്കാൻ കയർ കെട്ടിയിട്ടുണ്ടെങ്കിലും സ്വരാജ് റൗണ്ട് നടപ്പാതയിലൂടെ പോകുന്നവർക്ക് മുകളിൽ ഏതുനിമിഷവും വെട്ടുകല്ല് വീഴാം. കുട്ടികളെ സ്നേഹിച്ച ചാച്ചാജിയുടെ പേരിലുള്ള പാർക്കിൽ കുട്ടികളെ ദ്രോഹിക്കുന്ന ഭരണകൂടം ഇനിയെങ്കിലും അനാസ്ഥവിട്ടുണരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധാർഹം: ഇ.വി. സുനിൽരാജ്
പാർക്കിന്റെ ദുരവസ്ഥയിൽ വലിയവേദനയാണ് തോന്നുന്നതെന്നു കോർപറേഷൻ പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ് പറഞ്ഞു. കഴിഞ്ഞ അവധിക്കാലത്തിനു മുൻപേ പാർക്കിൽ സുരക്ഷിതത്വം ഏർപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെടുകയും പ്രതിഷേധം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അനക്കമൊന്നുമുണ്ടായില്ല. കുട്ടികളുടെ കളിയിടം അപകടക്കളമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്നറിയിപ്പ് ബോർഡെങ്കിലും വേണം :ജെയ്സണ് കുണ്ടന്നൂർ(രക്ഷിതാവ്)
ഒറ്റനോട്ടത്തിൽ പാർക്ക് സുരക്ഷിതമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല. പല കളിയുപകരണങ്ങളും തകരാറിലാണെന്ന് കുട്ടികൾ അതിൽ കയറുന്പോൾ മാത്രമേ തിരിച്ചറിയൂ. കേടായവ നീക്കംചെയ്തില്ലെങ്കിലും അവയ്ക്കുസമീപം മുന്നറിയിപ്പ് ബോർഡെങ്കിലും സ്ഥാപിക്കാൻ അധികാരികൾ തയാറാകണം.
സി.ജി. ജിജാസൽ