ഈ വഴി "പെരുവഴി'
1568209
Wednesday, June 18, 2025 1:16 AM IST
തൃശൂർ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും റോഡിലെ തിരക്കിന്റെയും വെള്ളക്കെട്ടിന്റെയും തോത് കുറയാത്തതു ജനങ്ങൾക്കു സമ്മാനിച്ചതു ദുരിതയാത്ര.
പൂങ്കുന്നത്തു റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്തോടെ അയ്യന്തോൾ കുടുംബകോടതിക്കുസമീപം വൻഗതാഗത ക്കുരുക്കാണ്. നാളേറെയായി ഈ പ്രശ്നം തുടരുന്നുണ്ടെങ്കിലും മഴ ശക്തമായതോടെ യാത്രാക്ലേശവും കുത്തനേ കൂടി. ഇതിനിടെ സമയക്രമം പാലിക്കാൻ സ്വകാര്യ ബസുകൾ നിരതെറ്റിച്ചുവരുന്നതും വൻ ഗതാഗതതടസമാണ് സൃഷ്ടിക്കുന്നത്.
വെള്ളം വെള്ളം സർവത്ര...
മഴയൊന്നു പെയ്യുന്പോഴേക്കും നിറയുന്ന തോടുകളും പിറകെ പുഴയാകുന്ന റോഡുകളും തൃശൂരിൽ പതിവുകാഴ്ചയാണ്. ഇത്തവണയും ആ കാഴ്ചകൾക്ക് ഒരു കുറവുമില്ല.
മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി തോടുനവീകരണം പൂർത്തീകരിച്ചെങ്കിലും അയ്യന്തോൾ പഞ്ചിക്കൽ തോട് നിറഞ്ഞ് റോഡിലേക്കു വെള്ളം കയറിയത് യാത്രക്കാരെ വലച്ചു. റോഡിലെ കുഴികൾ അറിയാതെ വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിയതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. അയ്യന്തോൾ പ്രിയദർശിനിനഗറിലും റോഡിൽ വെള്ളം കയറി.
പൂങ്കുന്നം എംഎൽഎ റോഡിൽ തോടുനിറഞ്ഞ് റോഡിലേക്കു വെള്ളം ശക്തമായി ഒഴുകിയെത്തിയത് വാഹനങ്ങളെയും കാൽനടയാത്രികരെയും ഒരുപോലെ നട്ടംതിരിച്ചു. തോടിനോടുചേർന്നുള്ള കടയിലേക്കും വെള്ളംകയറി. പാന്പൂർ ചെന്പിശേരി പാലത്തിനുതാഴെയും തോട് കരകവിഞ്ഞ് വീടുകൾക്കുചുറ്റും വെള്ളക്കെട്ടും ഉണ്ടായി.
പലരും വെള്ളം കയറുമെന്ന ഭീതിയിൽ സാധനസമഗ്രികളെല്ലാം ഭദ്രമായി ബന്ധുവീടുകളിലേക്കും വീടുകളിലെ ഉയർന്ന ഭാഗങ്ങളിലേക്കും മാറ്റിവച്ചിരിക്കുകയാണ്.