വ്യാജലോട്ടറി നൽകി പണം തട്ടിയതായി പരാതി
1577402
Sunday, July 20, 2025 7:52 AM IST
കാളമുറി: കയ്പമംഗലം ചളിങ്ങാട് വ്യാജ ലോട്ടറി നൽകി വില്പനക്കാരിൽ നിന്നും പണം തട്ടിച്ചതായി പരാതി. നറുക്കെടുപ്പിൽ 5000 രൂപ പ്രൈസ് അടിച്ച കേരള ലോട്ടറിയുടെ വ്യാജ ടിക്കറ്റുകൾ നൽകിയാണ് പണം തട്ടിയെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ബൈക്കിലെത്തിയ യുവാവാണ് ചളിങ്ങാട് അമ്പല നടയിലും പള്ളിനടയിലും ലോട്ടറി കച്ചവടം ചെയ്യുന്നവരെ കബളിപ്പിച്ച് 15,000 രൂപ തട്ടിയെടുത്തത്. ഈ മാസം 13ന് നറുക്കെടുത്ത കേരള സമൃദ്ധി ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോ കോപ്പിയെടുത്താണ് വിരുതൻ തട്ടിപ്പുനടത്തിയത്.
അമ്പല നടയിലെ മിൽട്ടൺ ഏജൻസിയിൽ നിന്നും രണ്ട് ടിക്കറ്റ് നൽകി പതിനായിരം രൂപയും പള്ളി നടയിലെ ലോട്ടറി കച്ചവടക്കാരന് ഒരു ടിക്കറ്റ് നൽകി 1800 രൂപയുടെ ടിക്കറ്റും ബാക്കി തുകയും വാങ്ങിയാണ് തട്ടിപ്പുനടത്തിയത്. കച്ചവടക്കാർ കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.