പഞ്ചായത്ത് യോഗത്തിൽ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധം; ഇറങ്ങിപ്പോക്ക്
1577409
Sunday, July 20, 2025 7:53 AM IST
കൊരട്ടി: തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് രോഗാശുപത്രി വളപ്പിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാനുള്ള പഞ്ചായത്ത് തീരുമാനം പുന:പരിശോധിക്കണമെന്ന് പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടതിനെത്തുടർന്ന് ബഹളം.
കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ ബിജോയ് പെരേപ്പാടൻ പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2024 - 25 വർഷത്തിൽ എഫ്എസ്ടിപി നിർമാണവുമായി ബന്ധപ്പെട്ട പദ്ധതി ഉപേക്ഷിച്ചെ ന്നും 2025 - 26 വർഷത്തിൽ ഈ പദ്ധതി നിലവിലില്ലെന്നും പ്രസിഡന്റ് പി.സി. ബിജു മറുപടി നൽകി.
പ്ലാന്റ്് സ്ഥാപിക്കുന്നതിന് ത്വക് രോഗാശുപത്രിയിലെ 50 സെന്റ് ഭൂമി സർക്കാരിൽനിന്നും വിട്ടുകിട്ടുന്നതിനായി ഇക്കഴിഞ്ഞ ഫെ ബ്രുവരിയിൽ ജില്ലാ കളക്ടർക്ക് നൽകിയ അപേക്ഷ റദ്ദാക്കാൻ പഞ്ചായത്ത് കമ്മിറ്റി തയാറാകണമെന്ന് ബിജോയ് ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് തുടർചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗ ങ്ങൾ പഞ്ചായത്ത് യോഗത്തിൽ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പഞ്ചായത്ത് അംഗങ്ങളുടെ അഭിപ്രായം ആരായാനും വോട്ടിനിടാനുമുള്ള ധൈര്യം പ്രസിഡന്റിനില്ലാത്തത് രഹസ്യ അജൻഡയുടെ ഭാഗമാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
ഹരിതകർമസേന മുഖേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ മാസങ്ങളോളം വഴിവക്കുകളിൽ ചാക്കുകളിലായി കിടക്കുകയാണെന്നും അതുപോലും കൃത്യതയോടെ നിർവഹിക്കാത്തവരാണ് ആരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്ന വളപ്പിൽ ശുചിമുറി സംസ്കരണ പ്ലാന്റിനു തിടുക്കംകൂ ട്ടുന്നതെന്നും കൊരട്ടിയെ മാലിന്യഹബ് ആക്കാനുള്ള നീക്കം ചെറുക്കുമെന്നും കോ ൺഗ്രസ് അംഗങ്ങൾ മുന്നറിയിപ്പുനൽകി. പഞ്ചായത്ത് കമ്മിറ്റിക്കിടെ നടുത്തളത്തിൽ കുത്തിയിരുന്ന് രൂക്ഷമായ മുദ്രാവാക്യങ്ങളുമായി കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതിനെത്തുടർന്ന് പഞ്ചായത്ത് യോഗം അവസാനിപ്പിച്ചു.
പാർലിമെന്ററി പാർട്ടി ലീഡർ ബിജോയ് പെരേപ്പാടൻ, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, ചാക്കപ്പൻ പോൾ, ഗ്രേസി സ്കറിയ, പോൾസി ജിയോ എന്നിവർ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു, ഇറങ്ങിപ്പോയി. തുടർന്ന് പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ നടന്ന പ്രതിഷധയോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്് ഫിൻസോ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആൽബിൻ പൗലോസ്, സച്ചിൻ രാജ്, വർഗീസ് പൈനാടത്ത്, പി.കെ.വർഗീസ്, ബിജോയ് പാപ്പച്ചൻ, എം.എ. രാമകൃഷ്ണൻ, എ.കെ.ബാബു, ടോജി ജേക്കബ് എന്നിവർ പ്രസംഗിച്ചു. പ്ലാന്റ്് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി അംഗങ്ങ ളായ പി.ജി. സത്യപാലൻ, ബിജി സുരേഷ് എന്നിവർ വിയോജനക്കുറിപ്പു നൽകി.