കനത്ത മഴയിൽ റോഡ് ഇടിഞ്ഞു
1577416
Sunday, July 20, 2025 7:53 AM IST
പുത്തൂർ: മരോട്ടിച്ചാൽ വഴിനടച്ചിറപ്പാലത്തിന് സമീപം റോഡ് തകർന്നു. റോഡിന്റെ സംരക്ഷണഭിത്തി ഉൾപ്പടെ ഇടിഞ്ഞ നിലയിലാണ്. രാവിലെ മുതൽ റോഡും സംരക്ഷണഭിത്തിയും വിണ്ടുനിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു. ഏറേനാളായി വഴിനടച്ചിറ പാലവും സമീപത്തെ റോഡും അപകടവസ്ഥയിലായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും നിരന്തരം റോഡിന്റെ അപകടാവസ്ഥയെ പറ്റി ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല.
ഇതുവഴി കടന്നുപോകുന്ന മലയോര ഹൈവേയുടെ പേരിലാണ് ഈ റോഡിന്റെ നിർമാണപ്രവൃത്തികൾ നീണ്ടുപോകാൻ കാരണമായത്. റോഡിന്റെ സംരക്ഷണഭിത്തി ഉൾപ്പടെ ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹനയാത്ര ഏറെ അപകടവസ്ഥയിലായി. പാലവും അപകടാവസ്ഥയിലാണ്.
സ്വകാര്യ ബസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന്റെ ദുരവസ്ഥ എത്രയും വേഗം പരിഹരിക്കണം എന്നാണ് യാത്രക്കാരുടെയും ആവശ്യം. റോഡ് തകർന്നതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി.
കൂടുതൽ അപകടങ്ങൾ ഉണ്ടവുന്നതിന് മുമ്പ് എത്രയും വേഗം റോഡും പാലവും സഞ്ചാരയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.