"മൂന്നാമത്തെ ശനിയാഴ്ചകളിൽ ഇനി ജനകീയ ശുചീകരണം'
1577417
Sunday, July 20, 2025 7:53 AM IST
വടക്കാഞ്ചേരി: മാതൃകാപരമായി മാലിന്യസംസ്കരണം നടത്തുന്ന നഗരസഭയാണ് വടക്കാഞ്ചേരിയെന്ന് മന്ത്രി എം.ബി. രാജേഷ്. മൂന്നാമത്തെ ശനിയാഴ്ചകളിൽ ഇനി ജനകീയ ശുചീകരണം നടത്തുമെന്നും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
തലപ്പിള്ളി താലൂക്ക് ഓഫീസ് പരിസരം മന്ത്രിയുടെ നേതൃത്വത്തിൽ ശുദ്ധീകരിച്ച് ജനകീയ ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മാലിന്യസംസ്കരണത്തിലും ശുചിത്വ പരിപാലനത്തിലുമെല്ലാം കേരളം കൈവരിക്കുന്ന മാതൃകാപരമായ നേട്ടം സുസ്ഥിരമായി നിലനിർത്തുകയാണ് ജനകീയ ശുചീകരണ പരിപാടിയിലൂടെ ലക്ഷ്യമെടുന്നതെന്ന് മന്ത്രിപറഞ്ഞു.
തെരുവുനായ നിയന്ത്രണത്തിന് ഏറെ പരിമിതികൾ നിലനിൽക്കുമ്പോഴും പൊതുവിടങ്ങൾ വൃത്തിയായി സൂക്ഷിക്കുക വഴി തെരുവുനായ ശല്യവും പകർച്ചവ്യാധികളും കുറയ്ക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇത്തവണത്തെ സ്വച്ഛ് സർവേയിൽ വടക്കാഞ്ചേരി ഉൾപ്പെടെ 23 നഗരസഭകൾ സ്റ്റാർ അംഗീകാരം നേടി. കഴിഞ്ഞവർഷം 1370 നു മുകളിൽ ഉണ്ടായിരുന്ന കേരളത്തിലെ നഗരസഭകളുടെ റാങ്കിംഗ് ഈ വർഷം നൂറിൽ താഴെ എട്ടു നഗരസഭകളും ആയിരത്തിനു താഴെ ഭൂരിക്ഷം നഗരസഭകളും റാങ്ക് നേടിയതായും മന്ത്രികൂട്ടിച്ചേർത്തു.
ചടങ്ങിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ. അനൂപ് കിഷോർ, എ.എം. ജമീലാബി, പി.ആർ. അരവിന്ദാക്ഷൻ, സ്വപ്നശശി, സി.വി. മുഹമ്മദ് ബഷീർ, പ്രതിപക്ഷ നേതാവ് എസ്എഎ ആസാദ്, ശുചിത്വമിഷൻ ജില്ലാ കൊ- ഒാർഡിനേറ്റർ കെ.കെ. മനോജ്, ഹരിത കേരള മിഷൻ ജില്ലാ കൊ- ഒാർഡിനേറ്റർ ദിദിക, അരുൺ വിൻസന്റ്്, എൻ.കെ. പ്രമോദ്, അജീഷ് കർക്കിടകത്ത്, സിദ്ദിഖ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
എന്നാൽ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി തിരുവനന്തപുരത്താണന്നും, കെ. രാധാകൃഷ്ണൻ എംപി പാർട്ടിയുടെ ഒഴിവാക്കാൻ കഴിയാത്ത യോഗത്തിലാണന്നും പിന്നീട് സംഘാടകർ അറിയിച്ചു. സ്ഥിരമായി നഗരസഭക്ക് ഒരുസെക്രട്ടറിയെ നിയമിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത നഗരസഭ പ്രതിപക്ഷ നേതാവ് എസ്എഎ അസാദ് പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തിനെതിരെ വിയോജനകുറിപ്പ് രേഖപ്പെടുത്തിയതിനുശേഷമായിരുന്നു അസാദ് മന്ത്രിയോട് സെക്രട്ടറിയെ നിയമിക്കാനുള്ള ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സ്ഥലം മാറി പോയ സെക്രട്ടറിമാരെ തിരികെ കൊണ്ടുവരാനല്ല പുതിയ സെക്രട്ടറിയെ നിയമിക്കാനാണ് മന്ത്രി തയ്യാറാകേണ്ടതെന്നും ആസാദ് കൂട്ടിചേർത്തു.