റോഡിലെ കുഴിയിൽവീണ് അപകടമുണ്ടായാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേ കേസെടുക്കും: കളക്ടർ
1577418
Sunday, July 20, 2025 7:53 AM IST
തൃശൂർ: ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകി. റോഡിലെ കുഴികൾമൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേ ദുരന്തനിവാരണനിയമം 2005ലെ സെക്ഷൻ 51 (ബി) പ്രകാരം നടപടി സ്വീകരിക്കും.
കുറ്റകരമായ അനാസ്ഥമൂലം അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ബിഎൻഎസ് സെക്്ഷൻ 125, 106 ഉൾപ്പെടെയുള്ള ശിക്ഷാനടപടികളുമായി മുന്നോട്ടുപോകുന്നതിനു പോലീസിനു നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു. ജില്ലയിലെ റോഡുകളിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി അപകടാവസ്ഥ ഒഴിവാക്കുന്നതിനു നേരത്തെ ചേർന്ന ജില്ലാ റോഡ് സുരക്ഷാസമിതി യോഗങ്ങളിലും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗങ്ങളിലും നിർദേശിച്ചിരുന്നു. എന്നാൽ പാലിച്ചതായി കാണുന്നില്ല.
റോഡിലെ കുഴികൾ മൂലം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ റോഡിലെയും അപകടകരമായ കുഴികൾ അടച്ച് അപകടസാഹചര്യം ഒഴിവാക്കുന്നതിനു വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.