എട്ടുമണിക്കൂർ ഗതാഗതക്കുരുക്ക്
1577421
Sunday, July 20, 2025 7:53 AM IST
പുതുക്കാട്: ദേശീയപാത ആന്പല്ലൂരിൽ ഇന്നലെ യാത്രക്കാർ എട്ടുമണിക്കൂർ പെരുവഴിയിലായി. തൃശൂർ ഭാഗത്തേക്കുപോകുന്ന പാതയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
പുതുക്കാട് സെന്ററുംകടന്ന് വാഹനനിര നീണ്ടു. രാവിലെ മുതൽ തുടങ്ങിയ കുരുക്ക് ഉച്ചയായിട്ടും കുറഞ്ഞില്ല. അടിപ്പാതനിർമാണം നടക്കുന്ന ആന്പല്ലൂരിലെ സർവീസ് റോഡിലെ കുഴികളും ഡ്രൈനേജിലെ തകർന്ന സ്ലാബുകൾ മാറ്റുന്നതുമാണ് വാഹനങ്ങളുടെ മെല്ലെപ്പോക്കിനും വൻ ഗതാഗതക്കുരുക്കിനും കാരണമായത്.
അടിപ്പാതനിർമാണം ആരംഭിച്ചതോടെ ഇരുവശത്തുമുള്ള പാതയിൽ ഒറ്റവരിയായിട്ടാണു വാഹനങ്ങൾ കടത്തിവിടുന്നത്. ഡ്രൈനേജിന്റെ മുകളിലൂടെ വാഹനങ്ങൾക്കു കടന്നുപോകാവുന്ന തരത്തിൽ ഉറപ്പുള്ള സ്ലാബുകളാണു സ്ഥാപിച്ചതെന്നു പറയുന്നുണ്ടെങ്കിലും പലയിടത്തും സ്ലാബുകൾ തകരുന്നത് കുരുക്ക് രൂക്ഷമാക്കുകയാണ്.
ഇത്തരത്തിൽ തകർന്ന സ്ലാബുകൾ മാറ്റിസ്ഥാപിക്കാൻ ശനിയാഴ്ച രാവിലെമുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇന്നലെ വലിയ കുരുക്കിനിടയാക്കിയത്. പിന്നീട് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സ്ലാബ് മാറ്റൽ അധികൃതർ ഉപേക്ഷിക്കുകയായിരുന്നു.
തകർന്ന സ്ലാബിനു മുകളിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കും. തിരക്കിൽപ്പെടുന്ന ചെറുവാഹനങ്ങൾ വരി പാലിക്കാതെ കയറിപ്പോകാൻ ശ്രമിക്കുന്നതു തർക്കത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള ദേശീയപാതയിലും സർവീസ് റോഡിലും വാഹനങ്ങൾ നിറഞ്ഞതോടെ പുതുക്കാട് മുതൽ ആന്പല്ലൂർ വരെയുള്ള ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും ആളുകൾക്ക് എത്താൻ കഴിയാത്ത സ്ഥിതിയായി.
വാഹനം എത്താത്തതുമൂലം പുതുക്കാട് സ്റ്റാൻഡിനു മുൻപിലെ ആശുപത്രിയിലെത്തിയ രോഗിയെ ബൈക്കിലാണു തിരികെവിട്ടത്. ആംബുലൻസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഒരു മണിക്കൂറോളം എടുത്താണ് ആന്പല്ലൂർ മറികടക്കുന്നത്.
മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്രക്കാർ വലയുന്പോഴും ദേശീയപാത അഥോറിറ്റിയും കരാർ കന്പനിയും പ്രശ്നത്തിൽ ഇടപെടാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.