യുവാവിന്റെ മരണം: കോണ്‍ഗ്രസ്, ബിജെപി റോഡ് ഉപരോധിച്ചു
1577422
Sunday, July 20, 2025 7:53 AM IST
തൃശൂർ: അയ്യന്തോൾ കുറിഞ്ഞ്യാക്കലിൽ ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് അപകടത്തിൽപെട്ട് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലർമാരും പ്രവർത്തകരും റോഡ് ഉപരോധിച്ചു.
എതിരേ വന്ന ബൈക്ക് റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് നിയന്ത്രണംവിട്ടു ബസിനടിയിലേക്കു വീണത്. അധികൃതരുടെ അനാസ്ഥയിലാണ് റോഡിൽ ഒരു ജീവൻകൂടി പൊലിഞ്ഞതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. റോഡിലെ കുഴി അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പും നൽകി.
പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധസമരത്തിൽ പങ്കെടുത്ത കൗണ്‍സിലർമാരായ മേഫി ഡെൽസണ്‍, സുനിതാ വിനു, ലാലി ജെയിംസ്, കെ.സുരേഷ്, കെ. സുമേഷ്, കോണ്‍ഗ്രസ് നേതാവ് എ. പ്രസാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഉച്ചയോടെ കേസെടുത്തു ജാമ്യത്തിൽ വിട്ടയച്ചു.
ബിജെപി സമരത്തിന് കൗണ്‍സിലർമാരായ എൻ. പ്രസാദ്, ഡോ. വി. ആതിര, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, മണ്ഡലം പ്രസിഡന്റ്് രഘുനാഥ് സി. മേനോൻ, ജില്ലാ മീഡിയ കണ്‍വീനർ ദിനേഷ്കുമാർ കരിപ്പേരിൽ നേതൃത്വംനൽകി.
പോലീസിനെതിരേ കോണ്‍ഗ്രസ്
തൃശൂർ: അയ്യന്തോളിൽ റോഡിലെ കുഴിയിൽപെടാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബസിനടിയിൽപെട്ട് മരിച്ച ലാലൂർ സ്വദേശി ആബേൽ ചാക്കോയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് പൊതുമരാമത്ത് വകുപ്പിനെയും കോർപറേഷനെയും രക്ഷിക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് ബോധപൂർമായ ശ്രമം നടക്കുന്നതായി കെപിസിസി സെക്രട്ടറിയും കൗണ്‍സിലറുമായ ജോണ്‍ ഡാനിയൽ ആരോപിച്ചു.
ബസിലെ സിസിടിവി ദൃശ്യം എടുത്ത് കൊല്ലപ്പെട്ടയാളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയ ഇടപെടൽ ഒരു കാരണവശാലും അംഗീകരിക്കില്ല. റോഡ് കോർപറേഷന്റെതല്ലെന്നു പറഞ്ഞൊഴിയാൻ മേയർ ശ്രമിക്കരുതെന്നും ജോണ്‍ ഡാനിയൽ പറഞ്ഞു.