ദേശീയപാത മുരിങ്ങൂരിലും പെരുമ്പിയിലും വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
1577423
Sunday, July 20, 2025 7:53 AM IST
കൊരട്ടി: ദേശീയപാത മുരിങ്ങൂരിലും പെരുമ്പിയിലും ഇന്നലെ രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്.
മഴ തുള്ളിയിട്ടാൽ അപകടം ഉറപ്പെന്ന രീതിയിലേക്കുമാറിയ പെരുമ്പിയിലെ അപകടവളവിൽ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് രണ്ടു കാറുകളാണ് ഇടിച്ചുകയറിയത്. രാവിലെ ഏഴരയോടെയായിരുന്നു രണ്ട് അപകടങ്ങളും നടന്നത്. ചാലക്കുടി ഭാഗത്തുനിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ആദ്യം മറിഞ്ഞത്.

തലകീഴായിമറിഞ്ഞെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് പത്തു മിനിറ്റിനുള്ളില് ഇതേസ്ഥലത്ത് മലപ്പുറത്തുനിന്നു അങ്കമാലി ഭാഗത്തേയ്ക്കുപോവുകയായിരുന്ന കാറും മീഡിയനിലേക്ക് ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. ഇതിൽ സഞ്ചരിച്ചിരുന്നവരിൽ മൂന്നുപേർക്ക് പരിക്കേറ്റു. മൂവരേയും ഉടൻ കറുകുറ്റിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ ഒരാളെ ഐസിയുവിലേക്ക് മാറ്റി. മറ്റു രണ്ടുപേർക്കും കൈകാലുകൾക്കാണ് പരിക്കേറ്റത്.
മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിനുസമീപത്തെ അടിപ്പാതയ്ക്കുമുകളിൽ അങ്കമാലി ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി മീഡിയനിലേക്ക് ഇടിച്ചുകയറി. മീഡിയനിലെ ഇരുമ്പ് ബാരിക്കേഡ് തകർത്ത് എതിർദിശയിലേക്കുള്ള ട്രാക്കിലേക്കുകയറി മറ്റൊരു നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ചാണ് നിന്നത്.
ഇന്നലെ രാവിലെ ഏഴേമുക്കാലോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. രണ്ടു ലോറികളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. തുടർന്ന് അങ്കമാലി ഭാഗത്തയ്ക്കുള്ള ഗതാഗതക്കുരുക്ക് പതിവിലും രൂക്ഷമായി. വാഹനങ്ങൾ നീക്കംചെയ്യാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കൊരട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
അപകടത്തുരുത്തായി മാറിയ പെരുമ്പിയിൽമാത്രം ഒരുവർഷത്തിനുള്ളിൽ അമ്പതിലേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടവളവും കുണ്ടും കുഴിയും വെള്ളക്കെട്ടും ടാർ മുഴച്ചുനിൽക്കുന്ന പ്രതലവുമാണ് അപകടത്തിനുകാരണമാകുന്നത്. വിഷയം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിസംഗത തുടരുകയാണ്.