ഫണ്ടില്ല; കൊരട്ടി ഇറിഗേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇനിയുമകലെ
1592496
Thursday, September 18, 2025 1:16 AM IST
കൊരട്ടി: ഇറിഗേഷൻ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ഫണ്ടിനായുള്ള കാത്തിരിപ്പ് നീളുന്ന സാഹചര്യത്തിൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽനിന്നു ഓഫീസ് പ്രവർത്തനംമാത്രം പണിപൂർത്തിയാകാത്ത കെട്ടിടത്തിലേക്ക് മാറ്റാൻ നീക്കം.
ദേശീയപാതയോരത്ത് ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ പാതിവഴിയിൽ നിർമാണം നിലച്ച ഇറിഗേഷൻ കെട്ടിടത്തിലേയ്ക്കാണ് ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ ഓഫീസ് മാറ്റാൻ നീക്കംനടക്കുന്നത്. മൂന്നുവർഷത്തിലേറെയായി പുതിയ കെട്ടിടത്തിന്റെ നിർമാണംനിലച്ചിട്ട്. വെെദ്യുതീകരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അവസാനഘട്ടത്തിലെ നിർമാണങ്ങളുമാണ് ഇനി അവശേഷിക്കുന്നത്. ഇറിഗേഷൻ കെട്ടിടം കാടുകയറി അങ്കണവും പരിസരവും ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയതിനെ തുടർന്ന് നാട്ടുകാരും പ്രതിഷേധസ്വരമുയർത്തിയതോടെയാണ് ഓഫീസ് മാറ്റാൻ തീരുമാനിച്ചത്.
കൊരട്ടി, കാടുകുറ്റി, മേലൂർ, കറുകുറ്റി, പാറക്കടവ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചിറങ്ങരയിലെ ഇറിഗേഷൻ കാര്യാലയം ജീർണതയുടെ പാരമ്യതയിലെത്തിയതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമിക്കാൻ അധികൃതർ തയാറായത്.
ഇടതുകര കനാലുകൾക്കുള്ള ഇറിഗേഷൻ ഓഫീസ് എന്നതിലുപരി അഞ്ചു പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചനവും അതുവഴി കുടിവെള്ള സമൃദ്ധിയും ഉറപ്പുവരുത്തുവാൻ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ഒരിടം എന്നതിനാൽ അധികൃതരും പൊതുസമൂഹവും ഏറെ പ്രതിക്ഷയോടെയാണ് പുതിയ കെട്ടിടത്തെ നോക്കികണ്ടത്.
കെട്ടിടത്തിന്റെ നിർമാണം ചിറങ്ങര ജംഗ്ഷനിൽ ആയതിനാൽ താഴെയുള്ള നിലയിൽ വാണിജ്യ സമുച്ചയവും ഓഫീസുകളും ഒന്നാംനിലയിൽ മീറ്റിംഗ് ഹാളുമാണ് ഉൾപ്പെടുത്തിയിരുന്നത്. അരക്കോടിയോളംരൂപ വിനിയോഗിച്ചായിരുന്നു നിർമാണം. ഫണ്ടിനായി മേൽത്തട്ടിൽ ബന്ധപ്പെടുന്നുണ്ടെങ്കിലും വൈകുകയാണ്. പാതിവഴിയിൽ നിർമാണംനിലച്ച്, പരിപാലനമില്ലാതെ കിടക്കുന്ന കെട്ടിടത്തിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.