പാലക്കാട് : രാജ്യത്തെ 72ാമത് റിപ്പബ്ലിക് ദിനാഘോഷം ജില്ലയിൽ ബന്ധപ്പെട്ട കാര്യപരിപാടികളോടെ നടക്കുമെന്ന് എ ഡി എം ആർ. പി സുരേഷ് അറിയിച്ചു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ. ഡി. എം ആർ. പി സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗത്തിൽ ക്രമീകരണ പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി.
റിപ്പബ്ലിക് ദിനത്തിൽ രാവിലെ ഒന്പതിന് കോട്ടമൈതാനത്ത് പതാക ഉയർത്തും. അതേസമയംതന്നെ മുഴുവൻ ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും പതാക ഉയർത്തണമെന്നും പതാക ഉയർത്തലും താഴ്ത്തലുമായി ബന്ധപ്പെട്ട മുഴുവൻ ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു ഓഫീസ് മേധാവികൾ ഉറപ്പുവരുത്തണമെന്നും എഡിഎം പറഞ്ഞു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും റിപ്പബ്ലിക് ദിനാഘോഷം നടത്തുക. റിഹഴ്സൽ സമയത്തും പരേഡിന് ഇടയിലും സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ ഉപയോഗം, എന്നിവ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നു മുഴുവൻ സേനാ മേധാവികളും പരിശോധിക്കണം.
എ.ആർ.പോലീസ്, കെ.എ.പി, ലോക്കൽ പോലീസ്, എക്സൈസ് സ്റ്റാഫ്, ഹോം ഗാർഡുകൾ, ഫോറസ്റ്റ്, എൻ.സി.സി, സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവരെ ഉൾപ്പെടുത്തി പരേഡ് നടക്കും.
പരേഡിന്റെ ചുമതല എ.ആർ. ക്യാന്പ് അസിസ്റ്റന്റ് കമാൻഡർക്കാണ്. 23 ന് വൈകിട്ട് 3.30നും 24 ന് രാവിലെ 7 .30 നും കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കുമെന്ന് കമാൻഡർ അറിയിച്ചു. പൂർണ്ണമായും കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും പരേഡും റിഹേഴ്സലും നടക്കുക.
റിഹേഴ്സലിലും റിപ്പബ്ലിക് ദിനത്തിലും പരേഡ്, സാംസ്ക്കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നവർക്കുള്ള ലഘുഭക്ഷണ വിതരണം, പരേഡിൽ പങ്കെടുക്കുന്നവർക്കുള്ള ഗതാഗത സൗകര്യം, പൂർണ സജ്ജമായ മെഡിക്കൽ സംഘം, പന്തൽ, അലങ്കാരങ്ങൾ ഉൾപ്പെടെയുള്ള മൈതാനത്തിന്റെ ക്രമീകരണം, സുരക്ഷാ ക്രമീകരണം തുടങ്ങിയവയാണ് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയത്.
കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ, എച്ച്. എസ് ഗീത, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥർ, വിവിധ സേനാ മേധാവികൾ പങ്കെടുത്തു.