കൊല്ലങ്കോട്: മുതലമട, എലവേഞ്ചരി, കൊല്ലങ്കോട് വടവന്നൂർ, പട്ടഞ്ചേരി പഞ്ചായത്തുകളിൽ വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിൽ പൊറുതിമുട്ടിയ കർഷകർ കൊല്ലങ്കോട് വനംവകുപ്പ് റെയ്ഞ്ച് ഓഫീസിലേക്കു മാർച്ച് നടത്തി.
പയ്യലൂർ ജംഗ്ഷനിൽ നിന്നു സ്ത്രീകളുൾപ്പെടെ നുറുകണക്കിനു കർഷകർ കർഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
തുടർന്നു നടന്ന പൊതുയോഗം നെന്മാറ വനം വകുപ്പിനു കീഴിൽ അടിയന്തരമായി റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചു.
ഇരുപത്തിയാറോളം കാട്ടാനകൾ ചെമ്മണാംപതിമുതൽ അയിലൂർ വരെ മലയോരമേഖലയിൽ കാർഷിക വിളകൾ സ്ഥിരമായി നശിപ്പിച്ചുവരികയാണ്.
വർഷങ്ങളായി പരിഹാര നടപടികൾ ആവശ്യപ്പെട്ടിട്ടും വകുപ്പുതല നടപടികൾ ഉണ്ടാവുന്നില്ല. കാട്ടാന, പന്നി എന്നിവയുടെ തുടർ ആക്രമണം പൊതു ജനത്തിനു ഭീഷണിയായിട്ടുള്ളതായും കർഷകർ ആരോപിച്ചു.
മലയോര ജനവാസ കേന്ദ്രത്തിലേക്ക് വന്യമൃഗങ്ങളെത്തുന്നതു തടയാനുതകുന്ന തരത്തിൽ സൗരോർജവേലി നിർമിക്കണം, സ്ഥിരം ശല്യക്കാരായ ആനകളെ കുങ്കി ആനകളെ എത്തിച്ച് കാടുകയറ്റണം എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു.
കർഷകസംരക്ഷണ സമിതി രക്ഷാധികാരി ചിദംബരൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.
സമിതി ചെയർമാൻ സി. വിജയൻ അധ്യക്ഷത വഹിച്ചു. മുതലമട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലൈരാജ് , പഞ്ചായത്തംഗങ്ങളായ കൽപ്പനാദേവി, കെ. ഷണ്മുഖൻ, ജി. സുനിത, എസ്. അക്തർ, സി. പ്രഭാകരൻ, എ. സാദിഖ്, ടി. സഹദേവൻ, എം. അനിൽ ബാബു, കെ. ശിവാനന്ദൻ, കെ.സി. പുഷ്പരാജ് എന്നിവർ പ്രസംഗിച്ചു.