ചിറ്റൂർ: ഭവനരഹിതരായ ഏഴു വിദ്യാർത്ഥികൾക്കുള്ള ഭവന നിർമ്മാണം ഏറ്റെടുത്ത ഗവണ്മെന്റ് കോളേജ് സേവനം മാതൃകാപരം. കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഏഴു വിദ്യാർത്ഥികൾക്ക് വീടു നിർമ്മിച്ചു നൽകുക എന്ന സാമൂഹികമായ ഉത്തരവാദിത്തം കോളജ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
അട്ടപ്പള്ളം തന്പാട്ടി വീട്ടിൽ ഭാർഗവിയുടെ മകളും കോളജിലെ എം.എ തമിഴ് വിദ്യാർത്ഥിയുമായ സോഫിയയുടെ വീടിന് തറക്കല്ലിട്ട് കോളജ് പ്രിൻസിപ്പൽ വി.കെ അനുരാധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോളേജിലെ വിദ്യാർഥികളും, അധ്യാപകരും, പൂർവ്വ വിദ്യാർഥികളും, സന്നദ്ധപ്രവർത്തകരും ചേർന്നാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി കോളജ് അധ്യാപകരും ജീവനക്കാരും അവരുടെ വേതനത്തിന്റെ വിഹിതം മാറ്റി വെക്കും.
വിദ്യാർത്ഥികൾ അവരുടെ കഴിവിനനുസരിച്ചുള്ള തുക സംഭാവന നൽകിയും പ്രവർത്തനങ്ങളിൽ പങ്കാളികളായി വരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണം ഇനിയുള്ള പ്രവർത്തനങ്ങളിൽ ഉണ്ടാകുമെന്ന് വാർഷികാഘോഷ കമ്മിറ്റി കണ്‍വീനർ പി.മുരുഗൻ പറഞ്ഞു. ഭവനനിർമ്മാണ ഉദ്ഘാടന പരിപാടിയിൽ കോളജ് അദ്ധ്യാപകരായ ഡോ. കെ.ബേബി, സി.ഡി. രാമഭദ്രൻ , എം.സുരേഷ്, റിച്ചാർഡ് സ്കറിയ, കെ. പ്രദീഷ്, പി. സുരേഷ്, ഡോ. ടി പി സുധീപ്, ഡോ. മനു ചക്രവർത്തി, ഡോ. കെ.എം നിഷാദ,് അലുംനി പ്രതിനിധി രവീന്ദ്രനാഥ മേനോൻ, ഓഫീസ് സൂപ്രണ്ട് കെ. മണികണ്ഠൻ, ജീവനക്കാരായ പി.സുധീഷ്, എ.കെ. സുധീരൻ, വിപിൻ കുമാർ എന്നിവർ പങ്കെടുത്തു