മേഴ്സി ഹോമിലെ അമ്മമാരെ സന്ദർശിച്ച് കെസിവൈഎം പ്രവർത്തകർ
1223834
Friday, September 23, 2022 12:29 AM IST
വടക്കഞ്ചേരി : അനാഥത്വവും അവഗണനയും പേറി ജീവിത സായാഹ്നങ്ങളിൽ കഴിയുന്ന പാലക്കാട് മേഴ്സി ഹോമിലെ അമ്മമാരെ സന്ദർശിച്ച് കെസിവൈഎം വടക്കഞ്ചേരി ഫൊറോന ചാരിറ്റി വിംഗ് പ്രവർത്തകർ. മധുരം നല്കിയും വിശേഷങ്ങൾ കൈമാറിയും പാടിയും ആടിയും യുവജനങ്ങൾ ഏറേനേരം അമ്മമാർക്കൊപ്പം ചെലവഴിച്ചു. സുമനസുകളുടെ സഹായത്താൽ സമാഹരിച്ച പുതുവസ്ത്രങ്ങൾ വടക്കഞ്ചേരി ഫൊറോന ഡയറക്ടർ ഫാ. ജെയ്സണ് കൊള്ളന്നൂർ അമ്മമാർക്ക് വിതരണം ചെയ്തു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പല കാരണത്താൽ ഒറ്റപ്പെട്ട ഇരുപത് അമ്മമാരും അവരുടെ ശുശ്രൂഷകരുമാണ് മേഴ്സി ഹോമിലുള്ളത്. യുവജനങ്ങളുടെ സന്ദർശനത്തിനും സ്നേഹോപഹാരങ്ങൾക്കും അമ്മമാരും മേഴ്സി ഹോം ഇൻചാർജ് മദർ സിസ്റ്റർ റെനി സിഎംസിയും പ്രത്യേകം നന്ദി പറഞ്ഞു. ഫൊറോന പ്രസിഡന്റ് ജിത്ത് ജോയ്, ആനിമേറ്റർ സിസ്റ്റർ മഞ്ചുഷ, മെൽവിൻ കെ. ഷാജി, ധന്യമോൾ വർഗീസ്, അയന വിൻസന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.