പ്രതിസന്ധികളിൽ തളരാതെ എൽഎൽബി ബിരുദം നേടി കാളിയമ്മാൾ
1223841
Friday, September 23, 2022 12:32 AM IST
കോയന്പത്തൂർ : ജഡ്ജിയാകാനും ആദിവാസികളെ സഹായിക്കാനുമാണു തന്റെ ആഗ്രഹമെന്ന് കോയന്പത്തൂർ ജില്ലയിൽ അഭിഭാഷകയായ ആദ്യ ആദിവാസി വിദ്യാർഥിനി കാളിയമ്മാൾ.
കോയന്പത്തൂർ ജില്ലയിലെ കരംഡായിക്ക് അടുത്തുള്ള തോലംപാളയം പഞ്ചായത്തിന് കീഴിലുള്ള കൊപ്പനാരി ഉൗരിലെ മരുതൻആണ്ടിച്ചി ദന്പതികളുടെ മകൾ കാളിയമ്മാൾ (30). കോയന്പത്തൂർ ജില്ലയിലെ ആദിവാസി സമൂഹത്തിലെ ആദ്യത്തെ അഭിഭാഷകയാണ്.
ഒന്നു മുതൽ അഞ്ചുവരെ ഗോപ്പനാരി സർക്കാർ പ്രൈമറി സ്കൂളിലും ആറു മുതൽ പത്താം ക്ലാസുവരെ ആനക്കട്ടി സർക്കാർ സ്കൂളിലുമാണ് കാളിയമ്മാൾ പഠിച്ചത്.
കോയന്പത്തൂർ ഗവ ആർട്സ് കോളജിൽ നിന്ന് സാന്പത്തിക ശാസ്ത്രത്തിൽ ബിഎ ബിരുദം നേടി.
പിന്നെ എൽഎൽബിക്ക് അപേക്ഷിച്ചു. ആദ്യത്തെ രണ്ടു വർഷം മധുര ലോ കോളജിൽ പഠിച്ചു. അച്ഛന്റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെ നിയമപഠനം തടസപ്പെട്ടു. പലരുടെയും സഹായത്തോടെ കാളിയമ്മാൾ കോയന്പത്തൂർ ഗവണ്മെന്റ് ലോ കോളജിൽ മൂന്നാം വർഷം പഠിച്ച് ഓഗസ്റ്റ് 30ന് എൽഎൽബി ബിരുദം നേടി. ഇനി കാളിയമ്മാള്‍ ജഡ്ജിമാരുടെ പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ്.
മലയോര ജനതയെ സഹായിക്കണമെന്നതാണ് ആഗ്രഹം എന്ന് അഡ്വക്കേറ്റ് കാളിയമ്മാൾ പറഞ്ഞു.