കർഷകനെ കാട്ടാന അക്രമിച്ച സംഭവം: ധനസഹായം നൽകണമെന്ന് കർഷക സംരക്ഷണ സമിതി
1224509
Sunday, September 25, 2022 12:44 AM IST
കോട്ടോപ്പാടം: അന്പലപ്പാറയിൽ കർഷകനെ കാട്ടാന അക്രമിച്ച സംഭവത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്നും അടിയന്തിര ധനസഹായം നൽകണമെന്നും അന്പലപ്പാറ കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തിരുവിഴാംകുന്ന് അന്പലപ്പാറയിൽ കഴിഞ്ഞ ദിവസം വാഴ കർഷകനും ടാപ്പിംഗ് തൊഴിലാളിയുമായ എറാടൻ സിദ്ദിക്കിനെ കാട്ടാന ആക്രമിച്ച് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായത് വനം വകുപ്പിന്റെ തികഞ്ഞ അനാസ്ഥ കാരണമാണെന്ന് കർഷക സംരക്ഷണ സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.
അന്പലപ്പാറയിൽ കുറെ കാലമായി കാട്ടാനയുടെ ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. കർഷകരുടെ കൃഷികളെല്ലാം നശിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ ജനങ്ങളുടെ നേരയും അക്രമണം ആരംഭിച്ചിരിക്കുകയാണ്.
മറ്റൊരു തൊഴിലാളി കാട്ടുപന്നിയുടെ ആക്രമണത്തിനും ഇരയായിട്ടുണ്ട്. നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. തികച്ചും അശാസ്ത്രീയമായ ഫെൻസിംഗ് രീതിയാണ് ഈ മേഖലയിലുള്ളത്. അതിനാൽ ഹാങ്ങിംഗ് ഫെൻസിംഗ് നടപ്പാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ചെയർമാൻ സി.പി. ഷിഹാബുദ്ദീൻ, കണ്‍വീനർ ജോയി പരിയാത്ത്, തങ്കച്ചൻ തുണ്ടത്തിൽ, ഉമ്മർ മനിച്ചിത്തൊടി, ഉസ്മാൻ ചേലക്കോട്, അലി തയ്യിൽ, ഷൗക്കത്ത് കോട്ടയിൽ, ദേവരാജ് വെട്ടിക്കാട്ടിൽ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.