പക്ഷികൾ ചത്തുവീഴുന്നതിൽ ആശങ്ക വേണ്ടെന്നു മൃഗസംരക്ഷണ വകുപ്പ്
1224510
Sunday, September 25, 2022 12:44 AM IST
ഷൊർണൂർ : ഷൊർണൂരിൽ പക്ഷികൾ ചത്തുവീഴുന്നതിൽ ആശങ്കവേണ്ടെന്ന് മൃഗസംരക്ഷണവകുപ്പ്. കൊക്കുകളും ദേശാടനപ്പക്ഷികളുമുൾപ്പെടെ ചത്തുവീഴുന്ന സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന അറിയിപ്പാണ് മൃഗസംരക്ഷണവകുപ്പ് അധികൃതർ നല്കുന്നത്.
മരത്തിന്റെ കൊന്പൊടിഞ്ഞ് താഴെവീഴുന്പോൾ പറക്കാനാവാത്ത പക്ഷിക്കുഞ്ഞുങ്ങളാണ് ചാവുന്നതെന്നാണ് പരിശോധനയിൽ വ്യക്തമായത്. മറ്റുതരത്തിലുള്ള രോഗബാധയോ പ്രതികൂല കാലാവസ്ഥയോ നേരിടുന്നില്ലെന്നാണു വ്യക്തമായതെന്ന് വെറ്ററിനറി ഡോ.പി. രാജേഷ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെയും പരിസരപ്രദേശത്തെയും ആൽമരങ്ങളുടെ ചുവട്ടിൽ ചത്തുവീണ പക്ഷികളെ പരിശോധിച്ച് സാന്പിൾ ശേഖരിച്ചിരുന്നു.
പക്ഷികൾ കൂടുതൽ ചത്തുവീഴുന്നുണ്ടെങ്കിൽ ജില്ലാ എപ്പിഡമോളജിസ്റ്റ് നേരിട്ടെത്തി പരിശോധന നടത്താനായിരുന്നു തീരുമാനം. പക്ഷികളെ വേട്ടയാടാത്ത സ്ഥലമായതിനാലും പുഴയോരത്ത് തീറ്റയും വെള്ളവും ലഭ്യമാകുമെന്നതിനാലും ഷൊർണൂർ കൊക്കുകളുടെ ഉൾപ്പെടെ ആവാസകേന്ദ്രമാണ്. നീർക്കാക്ക, ചെറുമുണ്ടി ഇനത്തിൽപ്പെട്ട കൊക്കുകളാണ് ഇവിടെ കൂട്ടത്തോടെ വസിക്കുന്നത്. കൊക്കുകളുടെ പ്രജനനകാല താവളമായ ഇവിടെ കൊറ്റില്ലമായും പക്ഷിനിരീക്ഷകർ വിശേഷിപ്പിക്കാറുണ്ട്. വംശനാശഭീഷണി നേരിടുന്ന ബ്ലാക്ക് ഹെഡഡ് ഐബിസ് ഇനത്തിൽപ്പെട്ട കൊക്കുകളെ മുന്പ് ഷൊർണൂരിൽ കണ്ടെത്തിയിരുന്നു.