സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി
1225791
Thursday, September 29, 2022 12:27 AM IST
പാലക്കാട്: പാലക്കാട് ജില്ലാ സഹോദയ കലോത്സവത്തിന് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ തിരശീല വീണു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന മൽസരങ്ങളിൽ 63 സ്കൂളുകളിൽ നിന്നായി നാലായിരത്തിലധികം കുട്ടികളാണ് പങ്കെടുത്തത്.
ഓരോ ദിവസവും 20 ൽ അധികം വേദികളിലായി 200 ൽ പരം വിധികർത്താക്കൾ വേദികളിൽ വിധി നിർണയം നടത്തി. പരിപാടികളുടെ സുതാര്യവും മനോഹരവുമായ നടത്തിപ്പിനായി ആതിഥേയത്വം വഹിക്കുന്ന സെന്റ് റാഫേൽസ് കത്തീഡ്രൽ സ്ക്കൂൾ മൽസരത്തിൽ നിന്നും പിൻമാറിയിരുന്നു.
ഓരോ ദിവസവും ഉദ്ഘാടനവും സമാപന സമ്മേളനവും സെന്റ് റാഫേൽസിലെ ആയിരത്തോളം വിദ്യാർത്ഥികൾ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളോടു കൂടി അതിഗംഭീരമാക്കി. കൂടാതെ 250 ൽ അധികം വോളണ്ടിയർ വിദ്യാർത്ഥികളെയും മൊത്തം പരിപാടികളുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി സെന്റ് റാഫേൽസ് പരിശീലനം നൽകി വിന്യസിപ്പിച്ചിരുന്നു. സമാപന ദിനത്തിൽ സെന്റ് റാഫേൽസിലെ അധ്യാപകരുടെ പരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി.
സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ അധ്യാപിക ഗീത ജയകുമാർ സ്വാഗതം പറഞ്ഞു. പിഡിഎസ്എസ്സി പ്രസിഡന്റ് ഷാജി കെ. തയ്യിൽ അദ്ധ്യക്ഷത വഹിച്ചു.
പിഡിഎസ്എസ്സി സെക്രട്ടറി സിന്ധു ബാലഗോപാൽ, ഖജാൻജി ഉണ്ണികൃഷ്ണൻ, പ്രവീണ എന്നിവർ സമ്മാനദാനം നടത്തി. പ്രീതി, സെന്റ് റാഫേൽസ് പ്രിൻസിപ്പൽ റവ. ഡോ. സനിൽ ജോസ് എന്നിവർ പ്രസംഗിച്ചു.