കർഷക സംരക്ഷണ സമിതി നെന്മാറ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തും
1225796
Thursday, September 29, 2022 12:27 AM IST
നെന്മാറ: ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിനുള്ള വീഴ്ചയും വന്യമൃഗങ്ങൾ മൂലമുള്ള വിളനാശം തടയാത്തതിലും പ്രതിഷേധിച്ച് കർഷക സംരക്ഷണ സമിതി ഒക്ടോബർ ആറിന് നെന്മാറ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് പാലക്കാട് ജില്ലാ കർഷകസംരക്ഷണസമിതി സമിതി രക്ഷാധികാരി കെ.ചിദംബരം കുട്ടി.
വന്യമൃഗ ശല്യം രൂക്ഷമായ കാർഷിക മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ തോക്കു ലൈസൻസുകാർ ഇല്ലാത്തതിനാൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിച്ച് കൊല്ലാനുള്ള അധികാരം കർഷകർക്ക് നല്കുക, നെന്മാറ ഡിഎഫ്ഒയ്ക്ക് കീഴിൽ ആർആർടി രൂപീകരിക്കുക, നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുക, പോലീസിൽ സറണ്ടർ ചെയ്ത കർഷകരുടെ തോക്കുകൾ തിരികെ നല്കുക, കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയാൻ ഉറപ്പുള്ള വൈദ്യുതി വേലി സ്ഥാപിക്കുക, വനംവകുപ്പിന്റെ നിഷേധാത്മക നടപടികൾക്കെതിരെയും തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷക സംരക്ഷണ സമിതി മാർച്ച് നടത്തുന്നത്. ഡിഎഫ്ഒ ഓഫീസ് മാർച്ച് വിജയിപ്പിക്കുന്നതിനായി നെന്മാറ, അയിലൂർ പഞ്ചായത്തുകളിൽ വിവിധ കർഷകസമിതികളുടെ യോഗം ചേർന്നു.