അതിദരിദ്രർക്ക് വിതരണം ചെയ്യുന്ന ആശ്രയ കിറ്റിൽ അഴിമതി
1227389
Tuesday, October 4, 2022 12:21 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭയിൽ ആശ്രയമാരുമില്ലാത്ത അതി ദരിദ്രരായവരെ കണ്ടെത്തി അവർക്ക് അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന കിറ്റിൽ വ്യാപക അഴിമതി. തൂക്കത്തിൽ കൃത്രിമം വരുത്തിയാണ് തട്ടിപ്പ്.
അരി അടക്കം എട്ട് ഇനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. അഞ്ച് കിലോ അരിയാണ് പദ്ധതി പ്രകാരം ലഭിക്കേണ്ടത്.
എന്നാൽ നാല് കിലോ അരി പോലും തികയാത്ത കിറ്റുകളാണ് സർക്കാരിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റ് വഴി വിതരണം ചെയ്യുന്നത്. അരിയുടെ തൂക്കത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ ഓരോ കിറ്റിലും ഒരു കിലോയിലധികം കുറവാണെന്ന് കൗണ്‍സിലർ പി. പ്രസാദ് പറഞ്ഞു.
മണ്ണാർക്കാട് നഗരസഭയിൽ 500 ലധികം ഗുണഭോക്താക്കളുണ്ട്. വലിയ തട്ടിപ്പാണ് ആശ്രയ കിറ്റുവഴി നടക്കുന്നത്. അരയങ്ങോട് പത്താം വാർഡിൽ മാത്രം 17 ഉപഭോക്താക്കളാണുള്ളത്. ഇത്തരത്തിൽ നഗരസഭയാലെ 29 വാർഡുകൾ കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പ് ചെറുതല്ല. നഗരസഭയുടെ അറിവോടെയാണോ അതോ ത്രിവേണിയിലെ ജോലിക്കാരാണോ തട്ടിപ്പിനു നേതൃത്വം നല്കുന്നതെന്നു വ്യക്തമാവുന്നതുവരെ കിറ്റ് വിതരണം നടത്തില്ലെന്നും ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും പി. പ്രസാദ് പറഞ്ഞു. മറ്റു വാർഡുകളിലുള്ള കൗണ്‍സിലർമാരും പ്രതിഷേധത്തിലാണ്. വിഷയത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് കൗണ്‍സിലർമാർ ആവശ്യപ്പെട്ടു.
ആശ്രയ കിറ്റിൽ തൂക്കകുറവ് വരുത്തി അഴിമതി നടത്തുന്നതായി നഗരസഭയ്ക്ക് പരാതി ലഭിച്ച സാഹചര്യത്തിൽ പോലീസിനും വിജിലൻസിനും പരാതി നല്‍കുമെന്ന് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ പറഞ്ഞു.
ഇന്നലെ രാവിലെ സിഡിഎസ് ചെയർപേഴ്സണ്‍ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിൽ വിവിധ വാർഡുകളിൽ വിതരണം ചെയ്ത ആശ്രയ കിറ്റിൽ തൂക്ക കുറവുണ്ടെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിഡിഎസ് ചെയർപേഴ്സണ്‍ നഗരസഭയ്ക്കു പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ പത്താം വാർഡ് കൗണ്‍സിലർ പി. പ്രസാദും ആശ്രയ കിറ്റ് വിതരണത്തിലെ അഴിമതി സംബന്ധിച്ച് നഗരസഭയ്ക്കു പരാതി നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസിലും വിജിലിസിനും പരാതി നല്‍കുമെന്ന് ചെയർമാൻ പറഞ്ഞു. നഗരസഭയിൽ വിതരണം ചെയ്യുന്ന ആശ്രയ കിറ്റിൽ പലവ്യഞ്ജനങ്ങളിൽ 100 ഗ്രാമിലധികവും തൂക്ക കുറവുണ്ടെന്നും പരാതിക്കാർ പറയുന്നു.