പോളിഷ് ചെയ്യാനെത്തി ആഭരണം കവർന്നയാളെ പിടികൂടി
1243343
Saturday, November 26, 2022 12:27 AM IST
കൊല്ലങ്കോട്: പനങ്ങാട്ടിരിയിൽ വീട്ടിലെത്തി ആഭരണം പോളിഷ് ചെയ്യാമെന്നുപറഞ്ഞ് സ്വർണം കവർന്ന പ്രതിയെ വീട്ടുകാർ തന്നെപിടികൂടി കൊല്ലങ്കോട് പോലീസിനു കൈമാറി. ബീഹാർ അരറിയ സ്വദേശി രവികുമാർ (24) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം. പനങ്ങാട്ടിരി സ്വദേശിനി പൊന്നുവിന്റെ രണ്ടേകാൽ പവൻ ചെയ്ൻ പോളിഷ് ചെയ്യാനെന്ന പേരിൽ ആസിഡിൽ മുക്കി അലിയിച്ചാണ് കവർച്ച നടത്തിയത്.
തിരിച്ചുനൽകിയ ആഭരണത്തിനു തിളക്കമുണ്ടായിരുന്നെങ്കിലും തൂക്കക്കുറവു തോന്നിയതിനാൽ മകൻ കൃഷ്ണദാസിനെ പൊന്നു അറിയിച്ചു. ഇതിനകം രവികുമാർ പ്രതിഫലം വാങ്ങി വീട്ടിൽ നിന്നും പോയിരുന്നു. പിന്നീട് കൃഷ്ണദാസും കൂട്ടുകാരും രവികുമാറിനെതിരഞ്ഞുപിടിച്ചു കൊല്ലങ്കോട് പോലീസിനു കൈമാറി. കൃഷ്ണദാസിന്റെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്തു. ഇന്നു രവി കുമാറിനെ കോടതിയിൽ ഹാജരാക്കും. പ്രതി ഇത്തരം നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.