അഗളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പെണ്കുട്ടി കുഴഞ്ഞുവീണു
1244698
Thursday, December 1, 2022 12:44 AM IST
അഗളി : അട്ടപ്പാടി അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാരില്ല. ഇന്നലെ രാവിലെ പരിശോധനയ്ക്കായി കാത്തുനിന്ന പെണ്കുട്ടി ആശുപത്രിയിൽ കുഴഞ്ഞു വീണു.
ആശുപത്രിയിൽ ഒൻപത് ഡോക്ടർമാരുടെങ്കിലും രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർ ഇല്ലാത്ത സ്ഥിതിയാണ്. ഒൻപത് ഡോക്ടർമാരിൽ ഒരാൾ ശബരിമല ഡ്യൂട്ടിക്കും മറ്റൊരു ഡോക്ടർ പരിശീലനത്തിലുമാണ്. ശേഷിക്കുന്ന ഏഴ് ഡോക്ടർമാരിൽ ഒരാൾ മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി നീങ്ങി.
മറ്റൊരു ഡോക്ടർ ഉച്ചക്ക് ശേഷമാണ് ജോലിയിൽ പ്രവേശിക്കുക. മറ്റുള്ള അഞ്ച് ഡോക്ടർമാരും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
പരിശോധനയ്ക്ക് കാത്തുനിന്ന യുവതി കുഴഞ്ഞു വീണതോടെ ഒപിയിൽ ഉണ്ടായിരുന്ന രോഗികൾ ബഹളം വച്ചതിനെ തുടർന്ന് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സുപ്പിരിന്റന്റും കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രി സുപ്രണ്ടും എത്തിയാണ് രോഗികളെ പരിശോധിച്ചത്. അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ഇത്തരം ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.