മൂന്നാം ദിവസം ഓരോ വേദികളിലും അരങ്ങേറിയതു കടുത്ത മത്സരം
1244705
Thursday, December 1, 2022 12:45 AM IST
ഒറ്റപ്പാലം : മൂന്നാം ദിവസം ഓരോ വേദികളിലും അരങ്ങേറിയതു കടുത്ത മത്സരം.
ഒറ്റപ്പാലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് വേദിയിൽ നടന്ന മോഹിനിയാട്ട മത്സരം നയന മനോഹരമായി. യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഭാഗങ്ങളിലായി ഇരുപതിലധികം മത്സരാർത്ഥികളാണ് ഈ ഇനത്തിൽ മാറ്റുരച്ചത്.
എൽഎസ്എൻ ഗേൾസ് സ്കൂൾ വേദി ഒന്നിൻ നടക്കണ്ട മോഹിനിയാട്ട മത്സരം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് വളപ്പിലെ വേദി ഏഴിലേക്ക് മാറ്റുകയായിരുന്നു.
എൽഎസ്എൻ ഗേൾസ് ഹൈസ്ക്കൂളിലെ വേദി ഒന്നിൽ സംഘനൃത്തം മറ്റ് വേദികളായ നാല്, എട്ട്, ഒന്പത്, പതിനാല് എന്നിവിടങ്ങളിൽ മാർഗംകളി, കേരള നടനം, കഥാപ്രസംഗം, തമിഴ് പദ്യം എന്നിവയുടെ വാശിയേറിയ മത്സരങളും നടന്നു.
മൂന്നു ദിവസങ്ങളായി ഒറ്റപ്പാലത്ത് നടന്നു വരുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്നാണ് സമാപനം.
സമാപന ദിനമായ ഇന്ന് പതിനാല് ഇനങ്ങളിലായി നാൽപതോളം മത്സരങ്ങൾ നടക്കും. തിരുവാതിരക്കളി, നാടോടി നൃത്തം, സംഘഗാനം, മാപ്പിളപ്പാട്ട് എന്നീ ഗ്ലാമർ ഇനങ്ങളടക്കം ഇന്നത്തെ മത്സരങ്ങളിലുണ്ട്. ബാന്റ് വാദ്യം മന്നം മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്.
വേദി ഒന്നിലാണ് തിരുവാതിരക്കളി മത്സരങ്ങൾ. വേദി രണ്ടിൽ ഒപ്പന, മൂന്നിൽ നാടോടി നൃത്തം, നാലിൽ പൂരക്കളി, പരിചമുട്ടുകളി, വേദി അഞ്ചിൽ ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, കൂടിയാട്ടം, ആറിൽ സംഘഗാനം, വേദി എട്ടിൽ പാഠകം, ഒൻപതിൽ ദേശഭക്തി ഗാനം, പത്തിൽ മാപ്പിളപ്പാട്ട്, വേദി പതിനൊന്നിൽ പ്രസംഗം ഉറുദു, പദ്യംചൊല്ലൽ ഉറുദു എന്നിങ്ങനെയാണ് മത്സരങ്ങൾ നടക്കുക.