സമകാലിക സംഭവങ്ങളുമായി ചാക്യാർകൂത്തിൽ ഹരികൃഷ്ണനു പൊൻതിളക്കം
1245001
Friday, December 2, 2022 12:24 AM IST
ഒറ്റപ്പാലം: ആനുകാലിക സംഭവവികാസങ്ങൾ കോർത്തിണക്കി പാഞ്ചാലി സ്വയംവരം കഥ പറഞ്ഞ് ഹയർസെക്കൻഡറി വിഭാഗം ചാക്യാർകൂത്ത് മത്സരത്തിൽ ഹരികൃഷ്ണൻ എസ് നായർ നായർക്ക് ഒന്നാം സ്ഥാനം.
ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ഹരികൃഷ്ണന് ചാക്യാർകൂത്തിൽ എ ഗ്രേഡും ലഭിച്ചു. കലാമണ്ഡലം കനകകുമാറിന്റെ ശിക്ഷണത്തിൽ ചാക്യാർകൂത്ത് അഭ്യസിച്ച ഹരികൃഷ്ണൻ മത്സരവേദിയിൽ പരിഹാസത്തിന്റെയും ആക്ഷേപഹാസത്തിന്റെയും പ്രവാഹങ്ങൾ തീർത്തു.
പാഞ്ചാലി സ്വയംവരത്തിന് പോകാൻ ശ്രീകൃഷ്ണൻ പുറപ്പാട് നടത്തുന്ന കഥാസന്ദർഭമാണ് നർമ്മരസത്തോട് കൂടി ഹരികൃഷ്ണൻ അവതരിപ്പിച്ചത്. പാഞ്ചാലിയേ വിവാഹം കഴിക്കാനാണ് കൃഷ്ണൻ പോകുന്നതെന്ന് ജ്യേഷ്ഠനായ ബലരാമനും തെറ്റിദ്ധരിച്ചതായ കഥാസന്ദർഭം സരസമായി ഹരി കൃഷ്ണൻ പറഞ്ഞ് ഫലിപ്പിച്ചത് കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
നിധിക്ക് വേണ്ടിയുള്ള നരബലിയും, കാമുകനെ വിഷം കൊടുത്ത് ഇല്ലാതാക്കിയ പ്രണയിനിയുടെ മനോവികാരവുമെ ല്ലാം സാന്ദർഭികമായി ചാക്യാർകൂത്തിൽ ഹരികൃഷ്ണൻ കോർത്തിണക്കി.
ചിരിക്കാനും ചിന്തിക്കാനും, അതിലേറെ സമൂഹത്തിന് മികച്ച സന്ദേശം നൽകാനും ചാക്യാർകൂത്തിലൂടെ മനോധർമ്മപ്രകാരം ഹരികൃഷ്ണൻ നടത്തിയ ശ്രമം വിജയം കണ്ടു.
പാഞ്ചാലിയെ വിവാഹം കഴിക്കാൻ അർജുനന് വേണ്ടുന്ന സഹായം ചെയ്യാനാണ് കൃഷ്ണന്റെ യാത്രാദൗത്യം എന്ന ലക്ഷ്യം പറഞ്ഞാണ് ഹരികൃഷ്ണൻ അവസാനിപ്പിച്ചത്.
20 മിനിറ്റ് ആയിരുന്നു ചാക്യാർകൂത്ത് മത്സരത്തിന് സമയം അനുവദിച്ചിരുന്നത്. എന്നാൽ അതിനുമുന്പ് തന്നെ തന്മയത്വത്തോടു കൂടി കഥ പറഞ്ഞ് അവസാനിപ്പിക്കാൻ ഹരികൃഷ്ണനാ യതും ശ്രദ്ധേയമായി.