തെറ്റായി അച്ചടിച്ച ലോട്ടറി ടിക്കറ്റ് പിൻവലിക്കണമെന്ന് ഐഎൻടിയുസി
1245319
Saturday, December 3, 2022 1:01 AM IST
പാലക്കാട് : കേരള ലോട്ടറിയുടെ ക്രിസ്മസ് ബംബർ ടിക്കറ്റിൽ നാല് അക്കങ്ങൾക്ക് 5000 രൂപ സമ്മാനം എന്നതിന് പകരം അഞ്ച് അക്കത്തിനു 5000 രൂപ എന്ന് തെറ്റായി അച്ചടിച്ച ടിക്കറ്റ് പിൻവലിച്ച് പുതിയ ടിക്കറ്റുകൾ അച്ചടിക്കണമെന്നും, ഞായറാഴ്ച നറുക്കെടുത്തിരുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബുധനാഴ്ചത്തേക്കു മാറ്റിയ നടപടിയും, ഈ ലോട്ടറിയും റദ്ദാക്കണമെന്നും ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി യോഗം ആവശ്വപ്പെട്ടു.
വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 9 ന് നടത്തുന്ന നിയമസഭാ മാർച്ചിൽ ജില്ലയിൽ നിന്നും നൂറു് പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. സമീപകാലത്ത് ടിക്കറ്റിൽ നിരന്തരമായി അച്ചടി പിശക് വരുത്തുന്നത് ടിക്കറ്റ് വില്പനയിൽ വലിയ തിരിച്ചടിയാണെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള ഭാഗ്യക്കുറിയിലെ എല്ലാ പ്രധാന തീരുമാനങ്ങളും ഉദ്യോഗസ്ഥർക്ക് മാത്രമായി വിട്ടുനൽകുന്ന സർക്കാർ നിലപാടുമൂലം കേരള ലോട്ടറി വൻ പ്രതിസന്ധിയിലാണ്. 400 രൂപ വിലയുള്ള ക്രിസ്മസ് ബംബർ ടിക്കറ്റിന്റെ അഞ്ച് അക്കത്തിനു ഒരു ലക്ഷം സമ്മാനം മുന്നറിയിപ്പില്ലാതെ പിൻവലിച്ചും തൊഴിലാളികളുടെ കമ്മീഷൻ വെട്ടിക്കുറച്ചും, സർക്കാർ തീരുമാനത്തിന് വിരുദ്ധമായി ടിക്കറ്റ് വില കൂട്ടുവാൻ ഞായറാഴ്ച ടിക്കറ്റ് ബുധനാഴ്ച ആക്കി കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മൂന്ന് ലക്ഷം തൊഴിലാളികളുടെ ജീവിത മാർഗവും, സർക്കാർ ഖജനാവിനു വലിയ വരുമാനവും നൽകുന്ന കേരള ലോട്ടറിയിലെ പ്രതിസന്ധി പരിഹരിക്കുവാൻ ധനകാര്യ മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ഐഎൻടിയു സി നിവേദനം നൽകി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ വി.എസ് അയൂബ് ഖാൻ, കെ.കരുണാകരൻ, ജില്ലാ ജനറൽ സെക്രട്ടറി കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, പി.കെ.സെയ്തുമുഹമ്മദ്, ടി.ദേവദാസൻ, പി.എം.ഷാജഹാൻ, വി.പ്രകാശൻ, വി.സൂര്യനാരായണൻ, എ.അബ്ദുൾ സത്താർ, രാധാകൃഷ്ണൻ ഉള്ളാട്ടിൽ, പൊന്നപ്പൻ പയലൂർ എന്നിവർ പ്രസംഗിച്ചു.