വെള്ളാരംകടവിൽ ഇറങ്ങിയ ഒറ്റയാനെ കാടുകയറ്റി വനംവകുപ്പ്
1245559
Sunday, December 4, 2022 12:54 AM IST
മുതലമട: വെള്ളാരംകടവിൽ ഹനീഫയുടെ പറന്പിലെ മാവിൻ കൊന്പുകളും മാങ്ങകളും നശിപ്പിച്ച ഒറ്റയാനയെ വനപാലകരും നാട്ടുകാരും ചേർന്ന് കാടുകയറ്റി. കർഷക സംരക്ഷണ സമിതി അറിയച്ചതിനെ തുടർന്നാണ് വനപാലകർ സ്ഥലത്ത് ഇന്നലെ കാലത്ത് മുതൽ ക്യാന്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്. പകൽ സമയത്തു പോലും ആന മാവിൻ തോപ്പുകളിൽ തന്പടിച്ചിരുന്നത് പ്രദേശവാസികളെ ഭീതിജനകമാക്കി. ഒരു മാസത്തോളം ആനശല്യം കുറഞ്ഞിരുന്നെങ്കിൽ മാങ്ങ പൂത്തതോടെ തോപ്പുകൾ ലക്ഷ്യമിട്ട് എത്തി തുടങ്ങിയിരിക്കുകയാണ് ആനകൾ.
ഒന്നാംവിള കഴിയും വരെ നെൽവയലുകളിലിറങ്ങി കൃഷി നാശം വരുത്തിയ ആനകൾ ഇപ്പോൾ മാന്തോപ്പ് ലക്ഷ്യമിട്ടാണ് തീറ്റ തേടിയെത്തുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെ മാവിൻ തോപ്പുകളിൽ തൊഴിലാളികൾ നിരന്തരം പണിക്കെത്താറുണ്ട്. ഏതു സമയത്താണ് ഒറ്റയാന്റെ മുന്നിൽ അകപ്പെടുമെന്ന ഭീതിയിലാണി തൊഴിലാളികൾ.