വട്ടേനാട് ജിഎൽപി സ്കൂൾ കെട്ടിടോദ്ഘാടനം ! പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മേഖലയ്ക്ക് ഉൗന്നൽ നല്കിക്കൊണ്ട്: മന്ത്രി എം.ബി. രാജേഷ്
1245562
Sunday, December 4, 2022 12:54 AM IST
പാലക്കാട് : വിദ്യാഭ്യാസ മേഖലയ്ക്ക് ഉൗന്നൽ നല്കിയുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് തദ്ദേശസ്വയംഭരണഎക്സൈസ് മന്ത്രി എം.ബി. രാജേഷ്.
കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി ചെലവഴിച്ച് നിർമിച്ച വട്ടേനാട് ജിഎൽപി സ്കൂൾ കെട്ടിടോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മുടങ്ങിക്കിടന്ന വട്ടേനാട് സ്കൂളിന്റെ നിർമാണം കൃത്യമായ നിർദേശത്തിന്റെയും സമയക്രമത്തിന്റെയും അടിസ്ഥാനത്തിൽ നാല് മാസം കൊണ്ട് പൂർത്തിയാക്കാനായത് അഭിമാനാർഹമാണ്.
എട്ട് ക്ലാസ് മുറികളുള്ള കെട്ടിടമാണ് പൂർത്തിയായിരിക്കുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും നിർമാണം പൂർത്തിയാക്കാനുമുള്ള ഇടപെടലുകളാണ് നടന്നുവരുന്നത്. നിർമാണം പൂർത്തിയായ വട്ടേനാട് സ്കൂൾ കെട്ടിടത്തിനാവശ്യമായ ഫർണിച്ചറുകൾക്ക് അഞ്ച് ലക്ഷം രൂപ നല്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ സ്കൂളുകളിലും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകും.
തൃത്താല മണ്ഡലത്തിലെ തെരഞ്ഞെടുക്കുന്ന 50 ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ജനയകീയ സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്കോളർഷിപ്പിലൂടെ പ്രതിമാസം 1000 രൂപ വീതം വിദ്യാർഥികൾക്ക് ഉറപ്പാക്കും. കിഫ്ബിയിൽ നിന്ന് മൂന്ന് കോടി ചിലവിൽ നിർമിക്കുന്ന വിവിധ സ്കൂളുകളുടെ നിർമാണം രണ്ടുമാസത്തിനകം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
120 കോടി വിലയിരുത്തിയുള്ള തൃത്താലയുടെ സ്വപ്ന പദ്ധതിയായ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി ഒരു മാസത്തിനകം നിർമാണോദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു. നിർമാണം ആരംഭിച്ച് മൂന്നോ നാലോ വർഷത്തിൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
തോട്ടക്കല്ലിനെയും തൃത്താലയേയും തമ്മിൽ ബന്ധിപ്പിക്കുന്നതും കോഴിക്കോട് നിന്നുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്നതുമായ പദ്ധതിയാണ് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി.
ഇത് കൂടാതെ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 35 കോടി ചിലവിലുള്ള കൂട്ടക്കടവ് പദ്ധതിയുടെ നിർമാണോദ്ഘാടനം ഉടൻ നിർവഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.