ലഹരിക്കടിമയായ യുവാവ് പോലീസ് വാഹനം തല്ലിത്തകർത്തു
1245563
Sunday, December 4, 2022 12:54 AM IST
നെന്മാറ: ലഹരിക്കടിമയായ യുവാവ് പോലീസ് ജീപ്പിന് അടിയിൽ കിടന്നു ഭീഷണി മുഴക്കുകയും പോലീസ് ജീപ്പിന്റെ ചില്ലു തകർക്കുകയും ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ എക്സറേ യൂണിറ്റിന്റെ ചില്ലും തകർത്തു.
കഴിഞ്ഞ ദിവസം നെന്മാറ പോലീസ് പതിവ് പട്രോളിംഗിംഗ് ഇറങ്ങിയ സമയത്ത് അയിലൂർ പയ്യാങ്കോട് റോഡരികിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങൾക്ക് നേരെ അക്രമാസക്തനായി അസഭ്യം പറഞ്ഞു കലഹ സ്വഭാവത്തിൽ ശല്യം ഉണ്ടാക്കിയിരുന്ന കയറാടി താഴെപറയന്പള്ളം സേതു (23) ആണ് പോലീസ് ജീപ്പിലും ആശുപത്രിയിലും അക്രമം നടത്തിയത്. പോലീസ് ചോദ്യം ചെയ്തതോടെ പോലീസ് ജീപ്പിന് അടിയിൽ കിടന്ന് ഭീഷണി മുഴക്കുകയും പോലീസ് വാഹനം മുൻപോട്ടോ പുറകിലോട്ടോ എടുക്കാൻ കഴിയാത്ത വിധം ഏറെനേരം തടസപ്പെടുത്തി.
പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന പ്രൊബേഷൻ എസ്ഐ ജിയോ സദാനന്ദൻ, എഎസ്ഐ ജുബി ഇഗ്നേഷ്യസ്, പോലീസ് ഡ്രൈവർ സുരേഷ് എന്നിവർ ചേർന്ന് അനുനയിപ്പിച്ച് വാഹനത്തിൽ കയറ്റി.
ഉടൻ പോലീസ് ജീപ്പിന്റെ പിന്നിലെ ചില്ല് കാലുകൊണ്ട് ചവിട്ടി തകർക്കുകയായിരുന്നു.
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച പ്രതി വൈദ്യ പരിശോധനയ്ക്കിടെ ഡോക്ടറുടെ സമീപത്ത് ഉണ്ടായിരുന്ന അത്യാഹിത വിഭാഗത്തിലെ എക്സ്റേ യൂണിറ്റിന്റെ ചില്ലും കൈകൊണ്ട് തല്ലി തകർത്തു. ആശുപത്രി എക്സറേ ടെക്നീഷ്യൻ ഇത് സംബന്ധിച്ച് നെന്മാറ പോലീസിൽ പരാതി നല്കി.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണത്തിൽ തടസം സൃഷ്ടിച്ചതിനും പൊതു സ്ഥലത്ത് കലാപശ്രമം നടത്തുക തുടങ്ങിയ വിവിധ വകുപ്പുകളിൽ പോലീസ് കേസെടുത്തു.