കർഷകർക്ക് ആശങ്ക; വണ്ടാഴി വളയൽ പാടശേഖരത്തിൽ കുളച്ചണ്ടി പടരുന്നു
1247187
Friday, December 9, 2022 12:57 AM IST
വടക്കഞ്ചേരി: വണ്ടാഴി വളയൽ പാടശേഖരത്തിൽ കുളച്ചണ്ടി പടരുന്നത് കർഷകരിൽ ആശങ്ക പരത്തുന്നു. രണ്ടാം വിള നടീൽ കഴിഞ്ഞ രണ്ടര ഏക്കറോളം സ്ഥലത്താണ് ആഴ്ചകൾക്കുള്ളിൽ കുളചണ്ടി വ്യാപകമാകുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്.
വെള്ളത്തിനു മീതെ വിടവില്ലാത്ത വിധം ചണ്ടി പൊങ്ങിക്കിടക്കുന്നതിനാൽ ഞാറ്റടികൾക്കും വളർന്ന് മുകളിലേക്ക് വരാനാകാതെ നശിക്കുകയാണെന്ന് കർഷകർ പറഞ്ഞു. കോന്പാറ ഡിനോയ്, ലക്ഷ്മണൻ തുടങ്ങിയവരുടെ പാടശേഖരത്തിലാണ് ചണ്ടി കൂടുതലായി കാണപ്പെടുന്നത്. സമീപത്തെ കുളങ്ങളിലോ കിണറുകളിലോ ഇത്തരം ചണ്ടിയില്ല. എങ്ങനെ ഇത് പാടശേഖരത്തിൽ എത്തിപ്പെട്ടു എന്നതു കർഷകർക്കും പിടികിട്ടുന്നില്ല.
ഇതിന്റെ വിത്ത് ആരെങ്കിലും ഇട്ടതാണോ അതോ വളങ്ങളിലോ നെൽവിത്തുകളിലോ കലർന്നതാണോ വെള്ളത്തിലൂടെയാണോ എന്നൊക്കെയുള്ള സംശയങ്ങളും ഉയരുന്നുണ്ട്. തൊഴിലാളികളെ വച്ച് ചണ്ടിയെല്ലാം വാരിക്കൂട്ടുകയാണ് കർഷകരിപ്പോൾ. ചണ്ടി പടരുന്നത് സംബന്ധിച്ച് കൃഷിവകുപ്പിനും വിവരം നൽകിയിട്ടുണ്ട്.
ചണ്ടി പടർന്നതിനെ തുടർന്ന് കൃഷി പൂർണമായും നശിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നതിനൊപ്പം കൂടുതൽ പാടശേഖരങ്ങളിലേക്ക് ചണ്ടി വ്യാപിക്കുന്നത് തടയണമെന്നാണ് ആവശ്യം.