അനാഥർക്ക് എല്ലാ ദിവസവും ഭക്ഷണമെത്തിച്ച് തേങ്കുറിശി ഗ്രാമപഞ്ചായത്ത്
1247202
Friday, December 9, 2022 1:00 AM IST
കുഴൽമന്ദം: അതിദാരിദ്ര നിർമാർജന ഉപപദ്ധതിയിലുൾപ്പെടുത്തി അനാഥർക്ക് ഭക്ഷണമെത്തിച്ച് തേങ്കുറിശി ഗ്രാമപഞ്ചായത്ത്.
തേങ്കുറിശി ഗ്രാമപഞ്ചായത്ത് പരിധിയിലെ ആരുമില്ലാത്തതും അവശരുമായി വഴിയരികിലും മറ്റുമായി കണ്ടെത്തിയ അനാഥരായ ഏഴു പേർക്കാണ് ഭക്ഷണമെത്തിച്ചത്. സ്വന്തമായി വീടുണ്ടെങ്കിലും ഇവരിൽ പലരും വഴിയരികിലാണ് താമസിക്കുന്നത്. പദ്ധതി പ്രകാരം എല്ലാ ദിവസവും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണമെത്തിച്ച് നൽകും. ഭക്ഷണ വിതരണോദ്ഘാടനം തേങ്കുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഭാർഗവൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സ്വർണമണി അധ്യക്ഷയായി. വാർഡംഗം അജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സജിനി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ.പി. വേലായുധൻ, സെക്രട്ടറി കെ. കിഷോർ, അസിസ്റ്റന്റ് സെക്രട്ടറി എം. സുധീർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡംഗങ്ങൾ, ബ്ലോക്ക് ഹൗസിംഗ് ഓഫീസർ സലിം, വിഇഒ സുനിൽകുമാർ പങ്കെടുത്തു.