വിദേശമദ്യ ഷാപ്പ്: ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത്
1262990
Sunday, January 29, 2023 12:50 AM IST
മുണ്ടൂർ : ജനങ്ങളെ കബളിപ്പിച്ച് വിദേശമദ്യ ഒൗട്ട്ലെറ്റിന് അധികാരികൾ അനുമതി നല്കി. മുണ്ടൂർ കപ്ലിപ്പാറയിൽ സംയുക്ത സമരസമിതിക്ക് കീഴിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മൂന്നു ദിവസമായി സമരരംഗത്താണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസും മറ്റു ബന്ധപ്പെട്ട അധികാരികളും വിദേശമദ്യ ഒൗട്ട്ലെറ്റിന് സംരക്ഷണം നല്കുന്ന കാഴ്ചയാണ് മുണ്ടൂർ കപ്ലിപാറയിൽ.
25ന് വൈകീട്ട് ആണ് ഇവിടെ കണ്‍സ്യൂമർഫെഡ് ഒൗട്ട്ലെറ്റ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സമരക്കാരെ അവഗണിച്ച് ഒൗട്ട്ലെറ്റിന് പ്രവർത്തിക്കാനായില്ല. കോങ്ങാട് പോലീസ് സദാസമയവും സ്ഥലത്ത് സാന്നിധ്യമുറപ്പിച്ച് സമരക്കാരുമായി അനുനയത്തിൽ സംസാരിക്കുന്നുണ്ടെങ്കിലും മരിക്കേണ്ടി വന്നാലും ഈ സമരത്തിൽ നിന്ന് പിന്മാറില്ല എന്നാണ് സമരക്കാരുടെ നിലപാട്.
മുഴുസമയവും ആളുകൾ ഇവിടെ നിന്നും പിരിഞ്ഞു പോകാതെ കുത്തിയിരിപ്പാണ്. സ്ഥാപനം തുടങ്ങുന്നില്ല എന്നും പറഞ്ഞ് ഈ നാട്ടുകാരെ കബളിപ്പിച്ചാണ് ബന്ധപ്പെട്ടവർ ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. ദേശീയപാതയിൽ നിന്നും പാലക്കീഴ് ക്ഷേത്രത്തിലേക്കുള്ള ഈ പ്രധാന വഴിയിൽ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളത്.