ഒറ്റപ്പാലം നഗരത്തിലെ ഗതാഗതക്കുരുക്ക്: ബൈപ്പാസ് പദ്ധതി പ്രതീക്ഷയിൽ യാത്രക്കാർ
1262993
Sunday, January 29, 2023 12:50 AM IST
ഒറ്റപ്പാലം : രൂക്ഷമായ ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന ഒറ്റപ്പാലം നഗരത്തിന് ശാപമോക്ഷമാകുമെന്ന് കരുതുന്ന ബൈപ്പാസ് യാഥാർഥ്യമാകുന്നു. പദ്ധതി വഴി സ്ഥലം നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാര തുകയുടെ വിതരണം തുടങ്ങി.
ഇതോടുകൂടി ഒറ്റപ്പാലത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമാകാൻ നിർദേശിക്കപ്പെട്ട പാലാട്ട് റോഡ് ബൈപാസ് പദ്ധതി യാഥാർഥ്യമാകുന്നതിന്ന് സാഹചര്യമൊരുങ്ങി. സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്. സ്ഥലം വിട്ടു നല്കുന്നവർക്ക് പൊന്നിൻവിലയാണ് പ്രതിഫലമായി നല്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ഒരു ഡസനിലധികം പേർക്ക് ഇതിനകം അക്കൗണ്ടിലൂടെ നഷ്ടപരിഹാര തുക ലഭിച്ചു കഴിഞ്ഞു.
1.5 സെന്റ് സ്ഥലവും വീടിന്റെ ഒരു ഭാഗവും വിട്ടു നല്കിയ ഒരാൾക്ക് 42 ലക്ഷം രൂപയാണ് ലഭിച്ചത്. ബൈപ്പാസ് പദ്ധതി വഴി സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ ശക്തമായ പ്രതിഷേധങ്ങളുടെ മുനയൊടിച്ചു കൊണ്ടുള്ള പ്രതിഫല വിതരണമാണ് നടത്തി കൊണ്ടിരിക്കുന്നതെന്നാണ്
റവന്യൂ അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം ഏതൊരാൾക്കും ജീവിതത്തിൽ കെട്ടിപ്പടുത്ത സൗഭാഗ്യങ്ങളിൽ പ്രധാനമാണ് അവരുടെ വീടും സ്ഥലവുമെന്നും ഇത് നഷ്ടമാകുന്നത് വേദനാജനകമാണെന്നും അനേകം പേരുടെ കിടപ്പാടവും വീടും നഷ്ടപ്പെടുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളിൽ ഭൂരിഭാഗം പേരും കടുത്ത പ്രതിഷേധം ഉയർത്തുകയാണ്.
എന്നാൽ മേൽപ്പറഞ്ഞവ നഷ്ടമാകുന്ന പ്രദേശവാസികളുടെ വേദനയും വിഷമവും മനസിലാക്കി കൊണ്ടുള്ള പ്രതിഫലമാണ് സർക്കാർ നഷ്ടപരിഹാരമായി നല്കി കൊണ്ടിരിക്കുന്നതെന്ന വാദഗതിയാണ് അധികൃതർ ഉയർത്തുന്നത്.
സെന്റിന് രണ്ട് ലക്ഷം രൂപ മുതൽ നാലുലക്ഷം വരെയും നഷ്ട്ടപരിഹാരമായി ഇരട്ടി തുകയും നല്കുന്നുണ്ട്. ഒരു സെന്റ് ഭൂമി നഷ്ട്ടപ്പെടുന്ന ഒരാൾക്ക് എട്ട് ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ഇവർ ചൂണ്ടി കാണിക്കുന്നത്. വീട് നഷ്ടപ്പെടുന്നവർക്ക് 36 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. പുനരധിവാസത്തിനായി 4.6 ലക്ഷം അധിക തുകയും നല്കുന്നുണ്ട്.
ഇത്തരത്തിൽ വീട് നഷ്ട്ടപ്പെടുന്നവരായി നാല് കുടുംബങ്ങളാണ് ഉള്ളത്. ഇതിനകം ഇരുപത്തിയഞ്ച് പേർക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. ബൈപാസ് കടന്നുപോകുന്ന സ്ഥലത്ത് ആകെ 142 പേർക്കാണ് സ്വന്തം സ്ഥലം നഷ്ട്ടമാകുന്നത്.
കിഴക്കേ ഒറ്റപ്പാലത്തുള്ള 55 കുടുംബങ്ങൾക്കും പാലാട്ട് റോഡിലുള്ള 25 പേർക്കും സെൻ ഗുപ്ത റോഡിൽ 15 വീടുകളും ബാക്കി ഒഴിഞ്ഞ സ്ഥലങ്ങളും ഉൾപ്പടെ 142 കുടുംബങ്ങൾക്കാണ് സർക്കാരിൽ നിന്ന് പ്രതിഫലം ലഭിക്കുക.
ആദ്യ ഘട്ടമായി 85 പേർക്കുള്ള പ്രതിഫലം നല്കാനുള്ള ഫയൽ ട്രഷറിയിൽ എത്തി കഴിഞ്ഞു.