പതിനേഴു മാസം തികഞ്ഞിട്ടും ഇരുട്ടിൽതപ്പി പോലീസ്
1263283
Monday, January 30, 2023 12:47 AM IST
ചിറ്റൂർ: മുതലമട ചപ്പക്കാട്ടിൽ മുരുകേശൻ (30), സാമുവൽ സ്റ്റീഫൻ(29) എന്നിവരുടെ തിരോധാനത്തിനു ഇന്ന് 17 മാസം തികയുന്നു.
കൊല്ലങ്കോട് പോലീസും, ക്രൈംബ്രാഞ്ചും അന്വേഷണം ഏതു ദിശയിലേക്കു തിരിച്ചുവിടണമെന്നു പോലും അറിയാതെ ആശങ്കയിൽ.
2012 നവംബർ 30 ന് കാണാതായ മുരുകേശന്റെ വീടിന്റെ കോന്പൗണ്ടിൽ ഒത്തുചേർന്ന ബന്ധുക്കളും നാട്ടുകാരും കാണാതായ യുവാക്കളുടെ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യം ഉന്നയിച്ചു.
വാർഡ് കൗണ്‍സിലറും മുതലമട പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ യുമായ കൽപ്പനാദേവി ഇക്കഴിഞ്ഞ ദിവസം അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടു മന്ത്രി കെ.രാധാകൃഷ്ണന് നേരിട്ട് നിവേദനം നൽകിയിട്ടുണ്ട്.
യുവാക്കക്കുടെ തിരോധാനത്തെക്കുറിച്ച് കണ്ടെത്താൻ കോടതിയിൽ ഹേബിയസ് കോർപ്പസ് പെറ്റീഷൻ നൽകാൻ നിയമ വിദഗ്ധരുമായി ആലോചിക്കാനും ശ്രമം നടന്നു വരികയാണ്. തിരുവനന്തപുരത്ത് രണ്ട് സ്ത്രീകളെ കാണാനില്ലെന്ന പരാതിയിൽ ഒരാഴ്ചക്കകം നരബലിയാണെന്ന് കേരള പോലിസ് കണ്ടെത്തിയിരുന്നു.
ഈ സംഭവം പൊതുജനത്തിൽ പോലീസിന്റെ നടപടിയിൽ മതിപ്പു് ഉളവാക്കിയിരുന്നു. എന്നാൽ ചപ്പക്കാട്ടിൽ രണ്ടു യുവാക്കളുടെ തിരോധാനത്തെക്കുറിച്ച് കാടിളക്കി പോലീസ് അന്വേഷിച്ചിട്ടും ഒരു തുന്പുമില്ലെന്ന നിലപാട് നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കുകയാണ്.
ഇതിനിടെ ചപ്പക്കാടിനടത്ത് തെന്മലയിൽ ഒരു തലയോട്ടി കണ്ടെത്തിയിരുന്നു. ഒന്‍പതു മാസം മുൻപാണ് സംഭവം.
തലയോട്ടിയുടെ ഡിഎൻഎ ഫലം ലഭിച്ചാലേ യുവാക്കളുടെ അന്വേഷണം മുന്നോട്ട് പോവുകയുള്ളു എന്ന നിലപാടിലാണ് പോലീസ് അധികൃതർ. പോലീസിന്റെ മെല്ലെപ്പോക്കിൽ നാട്ടുകാർ അസ്വസ്ഥരുമാണ്.
മുരുകേശൻ, സാമുവൽ സ്റ്റീഫൻ എന്നിവരുടെ തിരോധാനത്തിന്റെ ഒന്നാം വാർഷിക ദിനമായ 2022 ഓഗസ്റ്റ് 30ന് മുതലമട പഞ്ചായത്തിനു സമീപം കാന്പ്രത്ത്ച്ചള്ള ടൗണിൽ ആക്്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ പ്രതിഷേധപ്പകൽ സമരം നടത്തിയിരുന്നു.
ആക്്ഷൻ കൗണ്‍സിൽ ചെയർമാൻ വിളയോടി ശിവൻകുട്ടി, കണ്‍വീനർ എസ്. സക്കീർ ഹുസൈൻ, എരഞ്ഞിക്കൽ കൃഷ്ണൻ, എം.കെ. മുത്തമഴൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.
കാണാതായ സാമുവൽ സ്റ്റീഫന്റെ കുടുംബത്തിൽ മൂന്നു പേരുടെ അകാലമരണങ്ങളും ഇക്കാലയളവിലുണ്ടായി.
സാമുവലിന്റെ തിരോധനത്തിൽ മനംനൊന്തു ആറു മാസത്തോളം കിടപ്പിലായ പിതാവ് കഴിഞ്ഞ വർഷം ജനുവരിയിൽ മരിച്ചു.
സാമുവൽ കാണാതായതും തുടർന്നു പിതാവിന്റെ മരണവും ശേഷിക്കുന്ന അമ്മ പാപ്പാത്തിയേയും മറ്റു രണ്ടു മക്കളായ ജോണ്‍ എന്ന ജോയൽ രാജ് , ഇളയ സഹോദരൻ രാജു എന്നിവരുടെ തുടർജീവിതം നരകയാതനയിലായി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന് ഉറങ്ങാൻ കിടന്ന ജോയൽ രാജിനെ പിറ്റേ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയതും നാട്ടുകാരെ ഏറെ ദുഃഖത്തിലാക്കി.
സാമൂവലിന്റെ അമ്മ പാപ്പാത്തിയും ഇതിനിടെ ദുരിതജീവിത്തത്തൽ നിന്നും വിടവാങ്ങി. ഇനി ഈ കുടുംബ ത്തിൽ അവശേഷിക്കുന്ന ഇളയ സഹോദരൻ 23 കാരനായ രാജു മാത്രം.
തന്റെ കുടുംബത്തിനു നേരിട്ട ദുര്യോഗത്തിന്റെ കാരണം കണ്ടെത്താനാവാതെ രാജു ബന്ധുവീടുകളിൽ ഉറക്കം വരാത്ത രാത്രികളുമായി നരകം ജീവിതം തള്ളിനീക്കുകയാണ്.
യുവാക്കളുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഊർജിതമാക്കി സത്യാവസ്്ഥ പുറത്തുകൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.