വടക്കഞ്ചേരി മേഖലയിൽ നിലംനികത്തലും കുന്നിടിക്കലും വ്യാപകം
1263603
Tuesday, January 31, 2023 12:51 AM IST
വടക്കഞ്ചേരി: വാളയാർ- വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത വികസനത്തോടെ പാതയോരങ്ങളിലെ കൃഷിഭൂമിയെല്ലാം ഇല്ലാതാകുന്ന സ്ഥിതിയായി. കൃഷിയിടങ്ങൾ നികത്തി കെട്ടിടങ്ങളുയരുകയാണ്. കൃഷിയിറക്കാതെ കുറച്ച് വർഷം തരിശിടുന്ന ഭൂമി പിന്നീട് നികത്തി കെട്ടിടങ്ങൾ നിർമ്മിക്കും.
ബന്ധപ്പെട്ട അധികൃതരും എല്ലാം കണ്ടും കേട്ടും കണ്ണടക്കുന്നു. നിലം നികത്തലും കുന്നിടിക്കലും വ്യാപകമായതോടെ മണ്ണ് മാഫിയ സംഘങ്ങൾക്ക് ഇത് കൊയ്ത്തുകാലമാണ്. മുന്പൊക്കെ രാത്രികാലങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്ന നിലം നികത്തൽ ഇപ്പോൾ പകൽ സമയത്തും തകൃതിയായി.
ഏതെങ്കിലും പെർമിറ്റ് കാണിച്ച് പിന്നെ നിരന്തരമായ മണ്ണ്, കല്ല് എന്നിവ കടത്തും. നിലം നികത്തുന്നതു കണ്ടാൽ പാഞ്ഞടുത്തിരുന്ന രാഷ്ട്രീയ പാർട്ടികളെല്ലാം ഇപ്പോൾ നിശബ്ദരായി. വികസനമാണ് എല്ലാവരും ഉയർത്തി കാട്ടുന്നത്.
നാട് വളരുന്നതിന് എന്തിന് തടസം നൽകണം എന്നാണ് ചോദിക്കുന്നത്. മുന്പൊന്നും പലർക്കും ഈ തിരിച്ചറിവുണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ. നിലം നികത്തുന്ന സ്ഥലങ്ങളിൽ കൊടികുത്തി നടത്തിയിരുന്ന സമരകോലാഹലങ്ങളും കെട്ടടങ്ങി. വടക്കഞ്ചേരി ടൗണിനടുത്ത് ശേഷിച്ച നിലങ്ങൾ കൂടി നികത്തി കെട്ടിടങ്ങൾ ഉയരുകയാണ്. വർഷങ്ങൾക്കു മുന്പ് വടക്കഞ്ചേരി കൃഷിഭവന്റെ മൂക്കിനുതാഴെ കനാൽ നികത്തിയാണ് സ്വകാര്യ ഭൂമികളിലേക്ക് വഴിയുണ്ടാക്കിയത്. റോഡായതോടെ ഇവിടുത്തെ നിലങ്ങളെല്ലാം പറന്പുകളായി മാറി.
കെട്ടിടസമുച്ചയങ്ങളാണ് കൂടുതലും. നിലം നികത്തൽ വ്യാപകമായപ്പോൾ പല ഭാഗത്തും കനാലുകൾ ഉപയോഗശൂന്യമായ സ്ഥിതിയുമുണ്ട്.
മംഗലത്ത് ഫയർ സ്റ്റേഷനു സമീപത്തെ മെയിൻ കനാൽ കൈയേറിയാണ് കൃഷിയിറക്കൽ. കനാൽ പുറന്പോക്കുകൾ കൈയേറി സ്വന്തമാക്കുന്നവരും കുറവല്ല.
കൈയേറി സ്വന്തമാക്കുന്ന ഭൂമി പിന്നീട് തരക്കേടില്ലാത്ത വിലക്ക് വില്പന നടത്തുന്ന മാഫിയകളുമുണ്ട്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരാണ് ഇവരുടെ ഇരകളാകുന്നത്.