ക്ലാറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടി അട്ടപ്പാടിയിൽ നിന്ന് ആരതി
1263606
Tuesday, January 31, 2023 12:51 AM IST
പാലക്കാട് : ദേശീയ നിയമ സർവകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ് ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷയിൽ ഉന്നത വിജയം നേടി കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിയമ പഠനത്തിന് ഒരുങ്ങുകയാണ് അട്ടപ്പാടിയിലെ മുണ്ടേരി ഉൗരിൽ നിന്നുള്ള സി.ആരതി.
അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര കാട്ടുനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള ആരതി അഖിലേന്ത്യാതലത്തിൽ എസ്ടി വിഭാഗത്തിൽ 43-ാം റാങ്കും സംസ്ഥാനതലത്തിൽ മൂന്നാം റാങ്കും കരസ്ഥമാക്കിയാണ് പ്രവേശനം നേടിയത്.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നൽകിയ നിയമപരിശീലനത്തിന്റെ ഫലമായാണ് അട്ടപ്പാടി എംആർഎസ് സ്കൂളിലെ വിദ്യാർഥിനി ആരതിക്ക് ദേശീയ നിയമ സർവകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിച്ചത്. അപ്പൻകാപ്പ് കോളനിയിലെ പരേതനായ ചന്ദ്രന്റെയും ലീലയുടെയും മകളാണ് ആരതി.
ഗോത്ര വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുക ലക്ഷ്യമിട്ട് 2021 ലാണ് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി എൻട്രൻസ് പരീക്ഷാ പരിശീലന പരിപാടിക്ക് തുടക്കമിട്ടത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ല നിയമ പഠന വിഭാഗം ഫാക്കൽറ്റി ഡോ. ജയശങ്കർ, ഡോ. ഗിരീഷ് കുമാർ, ഐടി ഡിപി പ്രൊജക്ട് ഓഫീസർ, ജില്ലാ ലീഗൽ സർവീസസ് അഥോ റിറ്റി സ്റ്റാഫ് അംഗങ്ങൾ, എം.ആർ.എസ് സ്കൂളിലെ അധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായാണ് വിദ്യാർഥികൾക്കു നിയമ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന നിയമ പ്രവേശന പരീക്ഷയിൽ അട്ടപ്പാടി ചാവടിയൂർ മേലേമുള്ളി ഉൗരിൽ നിന്നുള്ള വി. വിനോദിനിക്ക് തിരുവനന്തപുരം ഗവ. ലോ കോളജിൽ പ്രവേശനം ലഭിച്ചിരുന്നു.