ഇ-പോസ് സെർവർ പണിമുടക്കി, പ്രദേശവാസികൾ പ്രതിഷേധിച്ചു
1263832
Wednesday, February 1, 2023 12:30 AM IST
അഗളി: ഇ-പോസ് സെർവർ പണിമുടക്കിയതോടെ ആഗളിയിൽ റേഷൻ വിതരണം തടസപ്പെട്ടു. അഗളി ഭൂതുവഴി റേഷൻ കടക്കുമുന്നിലാണ് റേഷൻ വാങ്ങാൻ എത്തിയവർ ഇന്നലെ പ്രതിഷേധിച്ചത്. പ്രതിസന്ധികൾ പരിഹരിക്കാൻ ജില്ല തിരിച്ച് റേഷൻ വിതരണം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ചില ആഴ്ച്ച രാവിലെ മുതൽ ഉച്ചവരെയും ഉച്ച മുതൽ വൈകുന്നേരംവരെയും വിതരണം ക്രമീകരിച്ചിരുന്നു.
എങ്കിലും ഇ-പോസ് സെർവർ തകരാർ കാരണം ഈ മാസം ആദ്യ ആഴ്ച്ച മുതൽ റേഷൻ വാങ്ങാൻ കഴിയാതെ നിരവധി പേർ കടയിലെത്തി മടങ്ങിയിരുന്നു. ഇന്നലെ മാസ അവസാനമായിട്ടും റേഷൻ കിട്ടാതെ വന്നത്തോടെയാണ് ഉപഭോക്താക്കൾ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് ഉച്ചയ്ക്ക് രണ്ടരവരെ റേഷൻ കടകളിലൂടെ റേഷൻ വിതരണം ചെയ്തു. സംസ്ഥാനത്ത് മുഴുവൻ ഈ പ്രശ്നം നിലനില്‍ക്കുന്നതായും അട്ടപ്പാടിയിൽ ജനുവരി മാസത്തെ റേഷൻ വിതരണം നടത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുള്ളതായും താലൂക്ക് സപ്ലൈ ഓഫീസർ ഷാജഹാൻ തയ്യിൽ പറഞ്ഞു.