അപകടത്തിൽ തകർന്ന കെഎസ്ആർടിസി ബസ് വീണ്ടും ഓടിത്തുടങ്ങി
1264980
Sunday, February 5, 2023 12:23 AM IST
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലത്ത് ഒന്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ കെഎസ്ആർടിസി ബസ് അറ്റ കുറ്റപ്പണികൾ കഴിഞ്ഞ് ഓടിത്തുടങ്ങി.
കൊട്ടാരക്കര ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് ബസാണ് നാലുമാസത്തെ ഇടവേളയ്ക്കുശേഷം കൊട്ടാരക്കര, വടക്കഞ്ചേരി വഴി പാലക്കാട്, കോയന്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്നത്. കെഎസ്ആർടിസിയുടെ എടപ്പാളിലുള്ള റീജണൽ വർക്ക്ഷോപ്പിൽ ഒരു മാസത്തോളംനീണ്ട പണികൾക്കൊടുവിലാണ് ബസ് നിരത്തിലിറക്കിയത്.
ഡ്രൈവർ സൈഡിലെ പുറകുഭാഗമാണ് അപകടത്തിൽ തകർന്നിരുന്നത്. പുറകിൽനിന്നു മുന്നിലേക്ക് നിരയായുള്ള ആറ് സീറ്റുകൾ വരുന്ന ഭാഗം റൂഫ് ഉൾപ്പെടെ പൂർണമായും മാറ്റി സ്ഥാപിച്ചതായി വർക്ക്ഷോപ്പ് റീജണൽ മാനേജർ വിൻസെന്റ് കൊട്ടേക്കാട് പറഞ്ഞു.
നേരത്തെ ബസിന്റെ ബോഡി നിർമിച്ചതും എടപ്പാളിൽ തന്നെയായിരുന്നതിനാൽ വർക്കുകൾ എളുപ്പമാക്കി.
കഴിഞ്ഞ ഒക്ടോബർ അഞ്ചിന് അർധരാത്രിയോടെയായിരുന്നു തൃശൂർ-പാലക്കാട് ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ കാമറ ജംഗ്ഷനടുത്ത് അപകടമുണ്ടായത്. കൊട്ടാരക്കരയിൽ നിന്നു കോയന്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനു പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചായിരുന്നു ദുരന്തം.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്നു ഉൗട്ടിയിലേക്ക് പോയിരുന്ന ടൂറിസ്റ്റ് ബസാണ് കെഎസ്ആർടിസിക്ക് പുറകിലിടിച്ച് മറിഞ്ഞത്. അഞ്ചു വിദ്യാർഥികളും അധ്യാപകനും കെഎസ്ആർടിസി ബസിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽത്തന്നെയാണ്.