കുമരംപുത്തൂർ പഞ്ചായത്ത് ബജറ്റ്
1279830
Wednesday, March 22, 2023 12:47 AM IST
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിൽ 30 കോടിയുടെ ബജറ്റിന് ഭരണസമിതി അംഗീകാരം നൽകി. 2023-24 വർഷം 28,37,88,500 രൂപ പ്രതീക്ഷിത വരവും 28,71,90,650 രൂപ പ്രതീക്ഷിത ചെലവും 1,55,51875 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് ഭരണസമിതി അംഗീകരിച്ചത്. ഭരണ സമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് കെ. വിജയലക്ഷ്മിയാണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.
കുടിവെള്ളത്തിനും പാർപ്പിടത്തിനും ഉൗന്നൽ നൽകിയ ബജറ്റിൽ പഞ്ചായത്തിലെ ശുദ്ധജല പദ്ധതി പരിഹരിക്കാൻ ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പട്ടികജാതിക്കാർ ഉൾപ്പടെയുള്ളവർക്ക് പാർപ്പിടത്തിന് 2 കോടി 60 ലക്ഷവും കാർഷിക മേഖല, മൃഗ സംരക്ഷണം, ഫിഷറീസ് എന്നിവയ്ക്കായി 61 ലക്ഷവും പശ്ചാത്തല മേഖലയ്ക്ക് 3 കോടി 65 ലക്ഷവും വകയിരുത്തി. ആരോഗ്യ മേഖലയ്ക്ക് 26 ലക്ഷവും വിദ്യാഭ്യാസ മേഖലയ്ക്ക് 4 ലക്ഷവും വനിത വികസനത്തിന് 28 ലക്ഷവും ടൂറിസത്തിന് 2 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.