ആരോഗ്യ മേഖലക്ക് പരിഗണന നൽകി ഒറ്റപ്പാലം നഗരസഭാ ബജറ്റ്
1280077
Thursday, March 23, 2023 12:26 AM IST
ഒറ്റപ്പാലം: ആരോഗ്യ മേഖലയ്ക്ക് മുന്തിയ പരിഗണന നൽകി ഒറ്റപ്പാലം നഗരസഭാ ബജറ്റ്. 4.90 കോടി രൂപ പദ്ധതിക്കായി വകയിരുത്തി.
താലൂക്ക് ആശുപത്രി, ആയുർവേദ, ഹോമിയോ ആശുപത്രികൾ എന്നിവയ്ക്കായാണിത്. ’കരളിനായി ഒരു കരുതൽ’ ബോധവൽക്കരണത്തിനു 10 ലക്ഷം രൂപ വകയിരുത്തി.
വിദ്യാഭ്യാസ മേഖലയ്ക്ക് 50 ലക്ഷം രൂപയും പശ്ചാത്തല മേഖലയ്ക്കു 32.57 കോടി രൂപയും ഉൽപാദന മേഖലയ്ക്കു 12 കോടിയും വകയിരുത്തിയിട്ടുണ്ട്.
നഗരത്തിലെ ഇടറോഡുകൾ വീതികൂട്ടി നവീകരിച്ചു ഗതാഗതശൃംഖല വിപുലീകരിക്കൽ, നഗരസൗന്ദര്യവൽക്കരണം, സാംസ്കാരിക നിലയം, പൊതുപാർക്ക്, ബസ് സ്റ്റാൻഡിനു മുന്നിലെ പഴയ കെട്ടിടം പൊളിച്ചുനീക്കൽ, ഫുട് ഓവർബ്രിജ്, കാർഷികമേഖലയെ വന്യമൃഗങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനു സോളർ കന്പിവേലി എന്നിവയെല്ലാം ഈ വർഷത്തെ ബജറ്റ് വിഭാവനം ചെയ്യുന്നു.
100 കോടി രൂപ വരവും 91.28 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണു വൈസ് ചെയർമാൻ കെ.രാജേഷ് അവതരിപ്പിച്ചത്. യോഗത്തിൽ നഗരസഭാധ്യക്ഷ കെ.ജാനകീദേവി അധ്യക്ഷയായി.